തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാര്‍ക്ക് ഇന്ന് മുതല്‍ ശമ്പള വിതരണം ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ മാനേജ്‌മെന്‍റ്. സര്‍ക്കാര്‍ അധികമായി അനുവദിക്കുന്ന 30 കോടി രൂപ ഇന്ന് ലഭിക്കുമെന്നാണ് മാനേജ്‌മെന്‍റിന്‍റെ കണക്ക് കൂട്ടല്‍. നേരത്തെ അനുവദിച്ച 30 കോടി കെ.എസ്.ആര്‍.ടി.സി അക്കൗണ്ടില്‍ എത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി ഇടപെട്ടു: 85 കോടി രൂപയാണ് ശമ്പളം നല്‍കാന്‍ ആവശ്യം. ബാക്കി തുകയ്ക്ക് ബാങ്ക് ഓവര്‍ഡ്രാഫ്റ്റ് എടുക്കാനാണ് മാനേജ്‌മെന്‍റിന്‍റെ തീരുമാനം. ഇതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഈ രണ്ട് തുകയും ഇന്ന് തന്നെ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ഇത് ലഭിച്ചാല്‍ ഉടന്‍ തന്നെ ശമ്പള വിതരണം ആരംഭിക്കും.
നേരത്തെ ശമ്പള വിതരണത്തിലെ അധിക ധനസഹായം സംബന്ധിച്ച് അവ്യക്തതയുണ്ടായിരുന്നു. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കിയിരിക്കുന്നത്. അധിക ധനസഹായം അനുവദിച്ചതിനൊപ്പം കോര്‍പ്പറേഷനിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താനാണ് സര്‍ക്കാരിന്‍റെ ശ്രമം.
ഇക്കാര്യത്തില്‍ തുടര്‍ ചര്‍ച്ചകള്‍ വരും ദിവസങ്ങളിലും തുടരും. ഇന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാലുമായി ഗതാഗതമന്ത്രി ആന്‍റണി രാജു കൂടിക്കാഴ്‌ച നടത്തുന്നുണ്ട്.