തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാർക്ക് ഏപ്രിൽ മാസത്തെ ശമ്പളം വിതരണം ചെയ്‌തു. ശമ്പളത്തിന്‍റെ പകുതിയാണ് ആദ്യ ഗഡുവായി വിതരണം ചെയ്‌തത്. ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടിൽ ഇന്നലെ ശമ്പളമെത്തി.
എസ്ബിഐയിൽ നിന്നും 39.37 കോടി രൂപ ഓവർ ഡ്രാഫ്റ്റ് എടുത്താണ് പകുതി ശമ്പളം നൽകിയത്. 24037 ജീവനക്കാർക്കാണ് ഏപ്രിൽ മാസത്തെ പകുതി ശമ്പളം വിതരണം ചെയ്‌തത്. മുഖ്യമന്ത്രി പിണറായി വിജയൻ ജീവനക്കാർക്ക് നൽകിയ ഉറപ്പ് അനുസരിച്ച് കഴിഞ്ഞ ഏതാനും മാസങ്ങളായി കൃത്യം അഞ്ചാം തീയതിയോ അതിന് മുൻപായോ ശമ്പളത്തിന്‍റെ 50 ശതമാനം വീതം ഓരോ ഗഡുക്കളായി നൽകുന്നുണ്ട്.
ഏപ്രിൽ മാസത്തെ ശമ്പളത്തിന്‍റെ രണ്ടാം ഗഡു സർക്കാർ സഹായം ലഭിക്കുന്ന മുറയ്ക്ക് വിതരണം ചെയ്യും. ഇതിനായി 50 കോടിയുടെ ധനസഹായം സർക്കാരിനോട് കെഎസ്ആർടിസി ചോദിച്ചിട്ടുണ്ട്. അതേസമയം, ശമ്പളം ഗഡുക്കളായി നൽകാനുള്ള മാനേജ്മെന്‍റിന്‍റെ ഏകപക്ഷീയമായ തീരുമാനത്തെ ശക്തിയുക്തം എതിർക്കുകയാണ് തൊഴിലാളി സംഘടനകൾ. ജീവനക്കാർക്ക് ശമ്പളം എല്ലാ മാസവും അഞ്ചാം തീയതി ഒരുമിച്ചു നൽകിയില്ലെങ്കിൽ പണിമുടക്ക് അടക്കമുള്ള സമരമുറകളിലേക്ക് കടക്കാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.
ബിജെപി അനുകൂല തൊഴിലാളി സംഘടനയായ ബിഎംഎസ് ഈ മാസം എട്ടിന് പണിമുടക്ക് പ്രഖ്യാപിച്ചു. നിലവിൽ കെഎസ്ആർടിസി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ വിവിധങ്ങളായ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് മാനേജ്മെന്‍റ്. യാത്രക്കാർ ഏറ്റെടുത്ത ബജറ്റ് ടൂറിസം പദ്ധതിയിലൂടെ ടിക്കറ്റ് വരുമാനം ഒരു പരിധി വരെ വർധിപ്പിക്കണക്കുമെന്ന ആശ്വാസത്തിലാണ് അധികൃതർ. ഇതിന്‍റെ ഭാഗമായി യാത്രക്കാർക്ക് പ്രിയ്യപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട സൗകര്യങ്ങളോടുകൂടി വിനോദ യാത്രകൾ ഒരുക്കുകയാണ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ.
ആശങ്കയായി വിദ്യാർഥികളുടെ കൺസഷൻ : വേനൽ അവധി കഴിഞ്ഞ് സ്‌കൂളുകൾ തുറക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ കെഎസ്ആർടിസി ബസുകളിൽ വിദ്യാർഥികൾക്ക് കൺസഷൻ അനുവദിക്കുന്നത് സംബന്ധിച്ച് മാനേജ്മെൻ്റ് പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങൾ ആശങ്ക സൃഷ്‌ടിക്കുകയാണ്. വിദ്യാർഥികളിൽ അധിക സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്നതാണ് പുതിയ നിർദേശങ്ങളെല്ലാം. സെൽഫ് ഫൈനാൻസിങ് കോളജുകൾ, സ്വകാര്യ അൺ എയ്‌ഡഡ്, റെക്കഗ്‌നൈസ്‌ഡ് സ്‌കൂളുകൾ എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് യാത്ര നിരക്കിൻ്റെ 30 ശതമാനം ഡിസ്‌കൗണ്ടിൽ മാത്രമായിരിക്കും കൺസഷൻ അനുവദിക്കുക.
യഥാർഥ ടിക്കറ്റ് നിരക്കിൻ്റെ 35 ശതമാനം തുക വിദ്യാർഥിയും 35 ശതമാനം തുക മാനേജ്മെൻ്റും വഹിക്കണം. പ്രായപരിധി ബാധകമല്ലാത്ത റെഗുലർ കോഴ്‌സ് പഠിക്കുന്നവർ, പെൻഷൻകാരായ പഠിതാക്കൾ തുടങ്ങിയ വിഭാഗങ്ങൾക്ക് കൺസഷൻ ആനുകൂല്യം നൽകില്ല. വിദ്യാർഥി കൺസഷൻ നൽകുന്ന പ്രായപരിധി 25 വയസായി നിജപ്പെടുത്തും.
മാനേജ്മെൻ്റ് തീരുമാനത്തിന് എതിരെ വിദ്യാർഥി സംഘടനകളിൽ നിന്ന് പോലും കാര്യമായ എതിർപ്പ് ഉയർന്നിട്ടില്ല. മാർഗ നിർദേശം പുറത്തിറക്കിയതിന് പിന്നാലെ പേരിന് സമരങ്ങൾ നടത്തി പിരിഞ്ഞതല്ലാതെ വിദ്യാർഥി സംഘടനകളുടെ ഭാഗത്ത് നിന്നും ഒരു അനക്കവുമില്ല. മുൻപ് കെഎസ്ആർടിസി ബസുകളിൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്ക് സൗജന്യമായാണ് കൺസഷൻ അനുവദിച്ചിരുന്നത്. കോളജ് വിദ്യാർഥികൾക്ക് ഓരോ യാതയ്ക്കും ഒരു രൂപ നിരക്കിലായിരുന്നു കൺസഷൻ. ഇതിൽ മാറ്റം വരുത്തി സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ വിദ്യാർഥികളെ പിഴിയാനുള്ള നീക്കത്തിലാണ് മാനേജ്മെൻ്റ്.