തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഉത്സവബത്തയും ഓണം അഡ്വാൻസായി 7500 രൂപ വീതവും അനുവദിച്ചു. ജൂലൈ മാസത്തെ ശമ്പളവും പൂർണമായി വിതരണം ചെയ്‌തു. ശമ്പള വിതരണത്തിനായി സർക്കാർ 70 കോടി രൂപ കെഎസ്ആർടിസിക്ക് കൈമാറിയിരുന്നു. ഇന്നലെ രാത്രിയോടെയാണ് ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് തുക കൈമാറിയത് (KSRTC Salary Distribution).
അതേസമയം, ഓണം അഡ്വാൻസായി നൽകുന്ന 7500 രൂപ അഞ്ച് തവണകളായി തിരിച്ചടക്കുകയും വേണം. മാത്രമല്ല മുൻ വർഷങ്ങളിൽ ഓണം അഡ്വാൻസ് വാങ്ങി തിരിച്ചടക്കാത്തവർക്ക് ഇത്തവണ അഡ്വാൻസ് നൽകില്ലെന്നാണ് മാനേജ്‌മെന്‍റ് തീരുമാനം. ഓണം ബോണസിന് (Onam Bonus) അർഹതയില്ലാത്ത സർക്കാർ ഉദ്യാഗസ്ഥർക്ക് അനുവദിച്ച 2,750 രൂപ ഉത്സവബത്ത കെഎസ്ആർടിസി (KSRTC) ജീവനക്കാർക്കും നൽകും. താൽക്കാലിക ജീവനക്കാർ, ബദൽ ജീവനക്കാർ, സ്വിഫ്റ്റ് ജീവനക്കാർ എന്നിവർക്ക് 1,000 രൂപയും സ്ഥിരജീവനക്കാർക്ക് 2750 രൂപയുമാണ് ഉത്സവബത്തയായി നൽകുക (Onam Allowance). പ്രത്യേക ആനുകൂല്യങ്ങൾ ഇന്ന് വിതരണം ചെയ്യുമെന്നാണ് മാനേജ്‌മെന്‍റ് അറിയിച്ചിട്ടുള്ളത്.
ഓണത്തിന് പരമാവധി സർവീസുകൾ; അതേസമയം, ഓണത്തിന് പരമാവധി ബസുകൾ സർവീസ് നടത്തണമെന്ന് കെഎസ്ആർടിസി സിഎംഡി നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് മുതൽ 31 വരെ സർവീസുകളുടെ എണ്ണം വർധിപ്പിക്കാനാണ് ബിജു പ്രഭാകർ ഉന്നത ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. ഓണത്തോടനുബന്ധിച്ച് കൂടുതൽ ജീവനക്കാരെയും വിന്യസിക്കും. ഉത്സവകാലമായതിനാൽ പരമാവധി സർവീസുകളുടെ എണ്ണം വർധിപ്പിച്ച് കലക്ഷൻ വരുമാനം കൂട്ടാനാണ് അധികൃതരുടെ നീക്കം.
ശബ്‌ദ സന്ദേശം വഴിയാണ് സിഎംഡി ജീവനക്കാർക്ക് നിർദേശം നൽകിയത്. ഒമ്പത് കോടി രൂപയാണ് ഈ കാലയളവിൽ പ്രതിദിന കളക്ഷൻ വരുമാനമായി മാനേജ്മെന്‍റ് ലക്ഷ്യമിടുന്നത്. അറ്റകുറ്റപ്പണികൾക്കായി മാറ്റിയ ബസുകൾ ഉടൻ തന്നെ പണികൾ പൂർത്തിയാക്കി സർവീസിനായി ഇറക്കും. പ്രതിസന്ധികളുള്ള അവസാന ഓണക്കാലമാകട്ടെ ഇതെന്നും ബിജു പ്രഭാകർ ജീവനക്കാർക്ക് നൽകിയ സന്ദേശത്തിൽ പറഞ്ഞു.
ബസ് സ്റ്റാൻഡുകളിൽ കൂടുതൽ യാത്രക്കാർ ഉണ്ടെങ്കിൽ എങ്ങോട്ട് പോകാനാണെന്ന് തിരക്കി, അതാത് റൂട്ടുകളിൽ താൽക്കാലിക ജീവനക്കാരെ നിയോഗിച്ചായാലും സർവീസ് നടത്തണം. കട്ടപ്പുറത്തുള്ള 525 ബസുകളിൽ കൂടി സർവീസിന് ഇറക്കാനായാൽ 25 കോടി രൂപ അധിക വരുമാനം ഉണ്ടാക്കാൻ കഴിയും. ചില ജീവനക്കാർ സ്ഥാപനത്തെയും മാനേജ്‌മെന്‍റിനെയും അവഹേളിക്കുന്നുണ്ടെന്നും അതിൽ രാഷ്ട്രീയമുണ്ടെന്നും ബിജു പ്രഭാകർ ശബ്‌ദ സന്ദേശത്തിൽ വ്യക്തമാക്കി.
ഇരട്ടപ്രഹരമായി ജപ്‌തി നോട്ടിസ്; അതേസമയം പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കെടിഡിഎഫ്‌സിയുടെ (KTDFC) ജപ്‌തി നോട്ടിസ് ഇരുട്ടടിയായിരിക്കുകയാണ്. വായ്‌പ കുടിശികയായ 400 കോടി രൂപ നൽകാനുണ്ടെന്ന് കാണിച്ചാണ് കെഎസ്ആർടിസിക്ക് കെടിഡിഎഫ്‌സി (കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്‍റ് ഫിനാൻസ് കോർപറേഷൻ) ജപ്‌തി നോട്ടിസ് നൽകിയത്. സർക്കാർ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ 100 കോടി രൂപ വിലയിട്ട് തമ്പാനൂർ, അങ്കമാലി, കോഴിക്കോട്, തിരുവല്ല വാണിജ്യ സമുച്ഛയങ്ങൾ നിൽക്കുന്ന ഭൂമി കെടിഡിഎഫ്‌സിക്ക് കൈമാറാൻ കഴിഞ്ഞ മാർച്ചിൽ തീരുമാനമായിരുന്നു. ഇതിനായുള്ള നടപടികൾ പുരോഗമിക്കവേയാണ് റവന്യൂ റിക്കവറി ആവശ്യപ്പെട്ട് ജില്ല കലക്‌ടറെ സമീപിച്ചത്.