തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളിൽ സ്ഥാപിച്ച കൊടിതോരണങ്ങൾ നീക്കം ചെയ്യാൻ യൂണിയൻ പ്രതിനിധികൾക്ക് രേഖാമൂലം അറിയിപ്പ് നൽകാൻ ഡിപ്പോ മേധാവികൾക്ക് നിർദേശം നൽകിയതായി മാനേജ്മെന്‍റ്. പൊതു സ്ഥലങ്ങളിൽ രാഷ്‌ട്രീയ പാർട്ടികളും സംഘടനകളും സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് യൂണിയൻ പ്രതിനിധികൾക്ക് മാനേജ്മെന്‍റ് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്.
കെഎസ്ആർടിസി ഡിപ്പോകളിൽ കൊടി തോരണങ്ങൾ കെട്ടുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് കെഎസ്ആർടിസി മാനേജിങ് ഡയറക്‌ടറുടെ വിശദീകരണം. കൊടിതോരണങ്ങൾ നീക്കം ചെയ്യാൻ യൂണിയൻ പ്രതിനിധികൾക്ക് രേഖാമൂലം അറിയിപ്പ് നൽകാൻ ഡിപ്പോ മേധാവികൾക്ക് നിർദേശം നൽകിയതായി മാനേജ്മെന്‍റ് മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.
ഇ എസ് 1/ O23318/2018 നമ്പർ മെമ്മോറാണ്ടം പ്രകാരമാണ് അറിയിപ്പ് നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നെടുമങ്ങാട് ഡിപ്പോയിൽ വിവിധ യൂണിയനുകൾ കെട്ടിയിരുന്ന കൊടികളും തോരണങ്ങളും ബോർഡുകളും ഒഴിവാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. പൊതുപ്രവർത്തകനായ ജോണി ഏലിയാപുരം സമർപ്പിച്ച പരാതിയിലാണ് നടപടി.