തിരുവനന്തപുരം : തലസ്ഥാനത്തെത്തുന്ന വിനോദ സഞ്ചാരികൾക്ക് തുറന്ന ഇരുനില ബസിൽ നഗരം ചുറ്റി കാണാൻ കെഎസ്ആർടിസിക്ക് ഇനി രണ്ട് ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ ബസുകൾ. ബെംഗളൂരുവിൽ നിന്ന് രണ്ടാമത്തെ ബസും തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റിൻ്റെ ആസ്ഥാനത്ത് എത്തിച്ചു. ആദ്യം എത്തിച്ച ബസിന് നവ കേരള ബസിന്‍റെ അതേ നിറമാണെങ്കിൽ രണ്ടാമത്തെ ബസിന് നീല നിറമാണ് നൽകിയിരിക്കുന്നത് (KSRTC Open Double Decker Electric Bus).
ആദ്യ ബസിന് സമാനമായി രണ്ടാമത്തെ ബസിലും ശ്രീപത്മനാഭസ്വാമി ക്ഷേത്രം, മ്യൂസിയം, ശംഖുമുഖം, കോവളം ബീച്ച് തുടങ്ങിയ ചിത്രങ്ങൾ ഇരുവശത്തുമായി ആലേഖനം ചെയ്‌തിട്ടുണ്ട്. ബസിനുള്ളിലെ അത്യാധുനിക സംവിധാനങ്ങളിലും വ്യത്യാസമില്ല. മുകൾ നിലയിൽ കയറുന്നതിനായി മുന്നിലും പിന്നിലും സ്‌റ്റെപ്പുകൾ ഉണ്ട് (Thiruvananthapuram Double Decker Bus).
അഞ്ച് സി സി ടി വി ക്യാമറകളും, ഓരോ സീറ്റിലും മൊബൈൽ ചാർജിങ് പോർട്ടുകൾ, പാനിക് ബട്ടൺ, സ്റ്റോപ്പ് ബട്ടൺ, മ്യൂസിക് സിസ്‌റ്റം, ടി വി, എൽഇഡി ഡിസ്പ്ലേ, എല്ലാ സീറ്റുകളിലും സീറ്റ് ബെൽറ്റ് എന്നിവയും പുതിയ ബസിനുണ്ട്.
ഇരുനിലകളിലുമായി ആകെ 65 സീറ്റുകളാണ് ബസിലുള്ളത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആൻ്റണി ഗ്രൂപ്പ് എന്ന കമ്പനിയാണ് വാഹനത്തിൻ്റെ ബോഡി നിർമ്മിച്ചത്. വാഹനത്തിൻ്റെ ചേസ് സ്വിച്ച് മൊബിലിറ്റി എന്ന കമ്പനിയാണ് നിർമ്മിച്ചിരിക്കുന്നത്. നീളം 9 മീറ്റർ. 231 കിലോവാട്ട് അവർ ആണ് ബാറ്ററി കപ്പാസിറ്റി. ഒരു മണിക്കൂർ കൊണ്ട് പൂർണമായും ചാർജ് ചെയ്യാൻ സാധിക്കും.
Also Read: 'ഇനി ഡബിളാ ഡബിള്‍...'; നഗരം ചുറ്റാന്‍ ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ ബസ് 'റെഡി'
180 മുതൽ 240 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. വളരെ വേഗം ചാർജ് ചെയ്യുന്നതിനായി രണ്ട് പോർട്ടുകളാണ് ബാറ്ററിയിൽ സജ്ജീകരിച്ചിരിക്കുന്നത്. 75 കിലോമീറ്റർ ആണ് പരമാവധി വേഗം. ഇത് 60 കിലോമീറ്റർ ആയി നിജപ്പെടുത്തിയിട്ടുണ്ട്. 2 കോടി രൂപയാണ് ഒരു ബസിന്‍റെ വില. സ്‌മാർട്ട് സിറ്റിയുടെ ഇ മൊബിലിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി, കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് പുതിയ ബസുകൾ തലസ്ഥാനത്ത് എത്തിച്ചത്.