സമരം തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും നടപടിയെടുക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് എംപാനൽ കണ്ടക്ടർമാരുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ മനുഷ്യച്ചങ്ങല തീർത്തു. മനുഷ്യച്ചങ്ങലയിൽ നിരവധി പേരാണ് പങ്കെടുത്തത്. നാളെ സമരക്കാർ പൊങ്കാലയിട്ടും പ്രതിഷേധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പുറമെ കോർപ്പറേഷനൊപ്പം നഗര ശുചീകരണത്തിൽ പങ്കാളികളാകുമെന്നും സമരസമിതി അറിയിച്ചിട്ടുണ്ട്.
ഹൈക്കോടതി വിധിയിലൂടെ തീർത്തും അപ്രതീക്ഷിതമായാണ് കെഎസ്ആർടിസിയിലെ എംപാനൽ ജീവനക്കാർക്ക് ജോലി നഷ്ടമായത്. ഇതിൽ പ്രതിഷേധിച്ച് എംപാനൽ ജീവനക്കാർ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനെ അടക്കം കണ്ടെങ്കിലും ഹൈക്കോടതി വിധിയായതിനാൽ സർക്കാരിനൊന്നും ചെയ്യാനില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ഇവർ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാലസമരം തുടങ്ങിയത്.