തിരുവനന്തപുരം: ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് താൻ കെഎസ്ആർടിസി എം.ഡി സ്ഥാനം രാജിവച്ചതെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് എം.പി ദിനേശ് ഐപിഎസ്. സർക്കാരുമായോ ഗതാഗത മന്ത്രിയുമായോ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. മന്ത്രിയും എംഡിയും എന്ന നിലയിൽ ഒരുമിച്ചാണ് പ്രവർത്തിച്ചിട്ടുള്ളതെന്ന് സ്ഥാനമൊഴിയുന്നതിനു മുന്നോടിയായി ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ എം.പി ദിനേശ് പറഞ്ഞു.
ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് ഇനി കുടുംബത്തോടൊപ്പം കഴിയണം. താമസം ബാംഗ്ലൂരിലേക്ക് മാറ്റുകയാണ്. ഇത്ര കാലവും ഔദ്യോഗിക ജീവിതത്തിരക്കുകളിലായിരുന്നു. ഇക്കാര്യങ്ങളെല്ലാം രാജിക്ക് മുന്നോടിയായി സർക്കാരിനു നൽകിയ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. കെ.എസ്.ആർ.ടി.സിയിൽ യൂണിയനുകളുടെ അതിപ്രസരമുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. തൊഴിലാളികളാണ് ഈ സ്ഥാപനത്തിന്‍റെ ശക്തി. ഒരു ഘട്ടത്തിൽ പോലും യൂണിയനുകളുമായി ഇടയേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. യൂണിയനുകൾ തനിക്ക് മികച്ച സഹകരണമാണ് നൽകിയത്. കെ.എസ്.ആർ.ടി.സി കുടിശിക നൽകാത്തതിന് പലരും തന്നോട് കയർത്ത് സംസാരിച്ചിട്ടുണ്ട്. പെൻഷൻ മുടങ്ങാതെ ലഭ്യമാക്കാൻ എൽ.ഐ.സിയുമായി ചർച്ചകൾ നടക്കുകയാണെന്നും അത് അന്തിമ ഘട്ടത്തിലാണെന്നും ഐ.പി.എസ് ഉദ്യോഗസ്ഥൻ കൂടിയായ എംപി ദിനേശ് പറഞ്ഞു.