തിരുവനന്തപുരം : കെഎസ്ആർടിസിയുടെ റൂട്ടുകളിൽ അനധികൃതമായി സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കും വിഷയത്തിൽ നടപടിയെടുക്കാത്ത ആർടിഒമാർക്കെതിരെയും കർശന മുന്നറിയിപ്പുമായി ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ. കെഎസ്ആർടിസിയുടെ റൂട്ടുകളിൽ അനധികൃത സർവീസ് നടത്തുന്ന കോൺട്രാക്‌ട് ക്യാരേജ് വാഹനങ്ങളെ ചില ആർടിഒമാർ വഴിവിട്ട് സഹായിക്കുന്നുവെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. കെഎസ്ആർടിസിയുടെ റൂട്ടുകളിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നതിലൂടെ കെഎസ്ആർടിസിക്ക് കോടികളുടെ വരുമാന നഷ്‌ടമാണ് ഉണ്ടാകുന്നത്.
അനധികൃത സർവീസ് നടത്തുന്നതായി പരാതി ലഭിക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ ആർടിഒ ഉദ്യോഗസ്ഥന്മാർ സ്വീകരിക്കുന്ന നടപടികൾ നിരീക്ഷിക്കാൻ ഗതാഗത കമ്മിഷണർ എസ് ശ്രീജിത്തിന് ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ നിർദേശം നൽകി. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം. ഓയൂർ എറണാകുളം പാതയിൽ അനധികൃതമായി സർവീസ് നടത്തിയ സ്വകാര്യ ബസിനെതിരെ കെഎസ്ആർടിസി പരാതി നൽകിയിട്ടും സ്വകാര്യ ബസ് ഉടമയ്ക്ക് അനുകൂലമായ റിപ്പോർട്ട് സമർപ്പിച്ച കൊല്ലം ആർടിഒ ഡി മഹേഷിനെ കഴിഞ്ഞയാഴ്‌ച സസ്പെൻഡ് ചെയ്‌തിരുന്നു.
ഗതാഗത വകുപ്പിന്‍റെ ഈ നടപടിക്കെതിരെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടർമാരുടെ സംഘടനകൾ ശക്തമായ പ്രതിഷേധം ഉയർത്തി. ഇതേ തുടർന്നാണ് സ്വകാര്യ ബസുകൾക്ക് വഴിവിട്ട സഹായം നൽകുന്ന ഉദ്യോഗസ്ഥർക്കെതിരെ ഗതാഗത സെക്രട്ടറി കർശന നിലപാട് സ്വീകരിച്ചത്.
പെൻഷൻ വിതരണം വൈകുന്നു : പെൻഷൻ വിതരണത്തിന് 71 കോടി രൂപ സർക്കാർ അനുവദിച്ചിട്ടും കെഎസ്ആർടിസിയിൽ പെൻഷൻ വിതരണം വൈകുകയാണ്. സർക്കാർ അനുവദിച്ച തുക സഹകരണ ബാങ്കിലേക്ക് കൈമാറിയാൽ മാത്രമേ പെൻഷൻ നൽകാൻ സാധിക്കൂ. ഇതിന് സർക്കാർ ഉത്തരവ് നൽകണം.
ഉത്തരവിറക്കാൻ വൈകുന്നത് മൂലമാണ് പെൻഷൻ വിതരണം വൈകുന്നത്. പെൻഷൻ വിതരണം ചെയ്‌തിരുന്ന സഹകരണ ബാങ്ക് കൺസോർഷ്യവുമായുള്ള പലിശ തർക്കം തുടരുന്ന സാഹചര്യത്തിലാണ് ഇത്തവണ കെഎസ്ആർടിസിക്ക് തുക നേരിട്ട് നൽകിയത്. കെഎസ്ആർടിസിയിൽ പെൻഷൻ നൽകുന്നത് 2018 മുതൽ സഹകരണ ബാങ്കുകളിലൂടെയാണ്.
പുതിയ ഇലക്ട്രിക് ബസുകൾ എത്തിത്തുടങ്ങി : കെഎസ്ആർടിസിയിൽ സിറ്റി സർക്കുലർ സർവീസുകൾക്കായി പുതിയ ഇലക്ട്രിക് ബസുകൾ എത്തിത്തുടങ്ങി. നഗര പ്രദേശങ്ങളിലെ ഉപയോഗത്തിന് അനുയോജ്യമായ ഒമ്പത് മീറ്റർ നീളമുള്ള ബസുകൾ ആണ് എത്തിച്ചത്. ആനയറയിലെ കെഎസ്ആർടിസി സ്വിഫ്റ്റിൻ്റെ ആസ്ഥാനത്താണ് പുതിയ ബസുകൾ എത്തിച്ചത്.
പുതുതായി എത്തിച്ചവയിൽ ഐഷർ കമ്പനിയുടെ 60 ബസുകളും പിഎംഐ ഫോട്ടോണിന്‍റെ 53 ബസുകളുമാണ് ഉള്ളത്. ബാക്കിയുള്ള 113 ബസുകളും ഉടൻ തന്നെ തിരുവനന്തപുരത്ത് എത്തിക്കും. സിറ്റി സർക്കുലർ റൂട്ടുകളിലേക്ക് ആയിരിക്കും പുതിയ ബസുകൾ നൽകുക. കെഎസ്ആർടിസിയുടെ മുഴുവൻ ബസുകളും ഭാവിയിൽ ഇലക്ട്രിക് ബസുകൾ ആക്കി ആദ്യ ഹരിത നഗരമാക്കി മാറ്റുകയാണ് ഇതിലൂടെ കെഎസ്ആർടിസി ലക്ഷ്യമിടുന്നത്.
കൺസഷൻ ടിക്കറ്റ് : വിദ്യാർഥികൾക്കുള്ള കൺസഷൻ സംബന്ധിച്ച വിവരങ്ങളെ കുറിച്ച് കെഎസ്ആർടിസി കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍(എയ്‌ഡഡ്), സ്പെഷ്യലി ഏബിള്‍ഡ് ആയ വിദ്യാര്‍ഥികള്‍ക്കും തൊഴില്‍ വൈദഗ്‌ധ്യം നല്‍കുന്ന കേന്ദ്രങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും വരുമാന പരിധി ബാധകമാക്കാതെ കണ്‍സഷന്‍ ടിക്കറ്റ് നിലവിലെ രീതിയില്‍ സൗജന്യമായി തന്നെ അനുവദിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു.
More read : വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷന്‍ ടിക്കറ്റ്: എന്തെല്ലാം രേഖകള്‍ ഹാജരാക്കണം? വിശദീകരിച്ച് കെഎസ്‌ആര്‍ടിസി