തിരുവനന്തപുരം: അധിക സർവീസുകൾക്ക് പുറമേ വാരാന്ത്യ- വാരാദ്യ സർവീസുകൾ കൂടി ആരംഭിച്ച് അന്തർ സംസ്ഥാന സ്വകാര്യ ബസ് സമരം നേരിടാൻ കെഎസ്ആർടിസിയുടെ മാസ്റ്റർ പ്ലാൻ. തിരക്ക് കൂടുതലുള്ള വാരാന്ത്യത്തിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നും 15 സർവീസുകൾ ബാംഗ്ലൂരിലേക്ക് നടത്താനാണ് തീരുമാനം.
വാരാന്ത്യത്തിലാണ് കൂടുതൽ യാത്രക്കാർ കേരളത്തിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. ഇതിൽ ബാംഗ്ലൂരിലേക്കുള്ള യാത്രാക്കാരാണ് കൂടുതലും. ഈ സമയത്ത് യാത്രാക്കാരിൽ നിന്നും അധിക തുക ഈടാക്കുന്നതടക്കമുള്ള പരാതികളും ഉയർന്നിരുന്നു. കൂടുതൽ സർവീസുകൾ നടത്തി സ്വകാര്യ ബസുകളുടെ കുത്തക അവസാനിപ്പിക്കാനാണ് കെഎസ്ആർടിസിയുടെ നീക്കം.
നിലവിൽ അന്തർ സംസ്ഥാന സ്വകാര്യ ബസുകൾ സമരത്തിലായതിനാൽ ഇത്തരം സർവീസിലൂടെ യാത്രാക്കാരെ കെഎസ്ആർടിസിയിലേക്ക് ആകർഷിക്കാനുമാകും. ആലപ്പുഴ, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം, പയ്യന്നൂർ, കട്ടപ്പന, കണ്ണൂർ ,കോഴിക്കോട്, കാഞ്ഞങ്ങാട്, തൃശ്ശൂർ, തിരുവനന്തപുരം, വടകര, തൊട്ടിൽ പാലം, തലശ്ശേരി, ബത്തേരി എന്നിവിടങ്ങളിൽ നിന്നാണ് ബാംഗ്ലൂരിലേക്കും തിരിച്ചും വാരാന്ത്യ സർവീസുകൾ നടത്തുന്നത്.
വ്യാഴം മുതൽ തിങ്കൾ വരെയാണ് സർവീസുകൾ. നിലവിൽ 14 അധിക സർവീസുകളും ബാംഗ്ലൂരിലേക്ക് കെഎസ്ആർടിസി നടത്തുന്നുണ്ട്. അതേസമയം ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള യാത്രാക്കാർക്ക് ഇപ്പോഴും ബദൽ സംവിധാനം ആയിട്ടില്ല.