തിരുവനന്തപുരം: ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് പ്രത്യേക സൂപ്പർ ഡീലക്സ് സർവീസ് നടത്തും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും സർവീസ്. ചൊവ്വാഴ്ച മുതൽ സർവീസുകൾ ആരംഭിക്കും. സെപ്റ്റംബർ ആറ് വരെയാണ് സർവീസുകൾ നടത്തുന്നത്. യാത്രാക്കാരുടെ ദീർഘ നാളത്തെ ആവശ്യം പരിഗണിച്ചാണ് തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് ഈ ഓണക്കാലത്ത് സൂപ്പർ ഡീലക്സ് സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചത്.
നോൺസ്റ്റോപ് രീതിയിൽ എൻഡ് ടു എൻഡ് വ്യവസ്ഥയിലാണ് ടിക്കറ്റുകൾ. ടിക്കറ്റിന് 10% അധിക നിരക്ക് ഉണ്ടാകും. 1330 രൂപയാണ് ടിക്കറ്റ് ചാർജ്. കേരളം, തമിഴ്നാട് സർക്കാരുകൾ ഏർപ്പെടുത്തുന്ന കൊവിഡ് പ്രോട്ടോക്കോൾ യാത്രാക്കാർ പാലിക്കണം. കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്ത യാത്രപാസ് ഉള്ളവർക്ക് മാത്രമേ യാത്ര അനുമതിയുണ്ടാകു. യാത്രാക്കാർ ആരോഗ്യ സേതു ആപ് മൊബൈലിൽ ഇസ്റ്റാൾ ചെയ്യേണ്ടതാണ്. മതിയായ യാത്രാക്കാരില്ലാതെ സർവീസ് റദ്ദാക്കേണ്ട സാഹചര്യമുണ്ടായാൽ മുഴുവൻ തുകയും യാത്രക്കാർക്ക് തിരികെ നൽകുമെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു.