തിരുവനന്തപുരം : ചിറയിൻകീഴിൽ യാത്രക്കാരെ കെഎസ്‌ആര്‍ടിസി വനിത കണ്ടക്‌ടർ അസഭ്യം പറഞ്ഞ് ബസിൽ നിന്ന് ഇറക്കിവിട്ടു. ആറ്റിങ്ങൽ ഡിപ്പോയിലെ എ.ഷീബ എന്ന വനിത കണ്ടക്‌ടറാണ് യാത്രക്കാരോട് മോശമായി പെരുമാറിയത്. കണ്‍സെഷന്‍ പുതുക്കാനെത്തിയ മകൾക്കും പിതാവിനും മർദനമേറ്റ സംഭവത്തിന് പിന്നാലെയാണ് യാത്രക്കാരോട് കെഎസ്ആർടിസി ജീവനക്കാരിയുടെ ക്രൂരത.
ആറ്റിങ്ങൽ - ചിറയിൻകീഴ് മെഡിക്കൽ കോളജ് ബസിലെ വനിത കണ്ടക്‌ടറാണ് യാത്രക്കാരോട് വളരെ മോശമായി പെരുമാറിയത്. കണ്ടക്‌ടർ ആഹാരം കഴിക്കുന്ന സമയത്ത് യാത്രക്കാർ ബസിനകത്ത് കയറിയതാണ് പ്രകോപനത്തിന് കാരണം. കൈക്കുഞ്ഞുമായി എത്തിയവരെ കണ്ടക്‌ടർ അസഭ്യം പറഞ്ഞ് ഇറക്കിവിട്ടുവെന്നാണ് യാത്രക്കാര്‍ പറയുന്നത്. 'ഇറങ്ങി പോടി, എന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല' എന്ന് പറഞ്ഞായിരുന്നു യാത്രക്കാരോട് വനിത കണ്ടക്‌ടറുടെ ആക്രോശം. സംഭവത്തിന്‍റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. നിലവിൽ വനിത കണ്ടക്‌ടർക്കെതിരെ യാത്രക്കാർ പരാതി നൽകിയിട്ടില്ലെങ്കിലും ദൃശ്യങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിൽ മാനേജ്മെന്‍റ് സ്വമേധയാ കേസെടുക്കാന്‍ സാധ്യതയുണ്ട്.
അതേസമയം മുമ്പ് കാട്ടാക്കടയിലെ ആക്രമണ സംഭവത്തിൽ മാനേജ്‌മെന്‍റ് ജീവനക്കാരെ തള്ളിപ്പറഞ്ഞെങ്കിലും ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കെഎസ്‌ആർടിസിയിൽ കൃത്യമായ സംവിധാനങ്ങളില്ലെന്ന് പരാതി ഉയർന്നിരുന്നു. ഇതേത്തുടര്‍ന്ന് ജീവനക്കാർ പൊതുജനങ്ങളോട് മാന്യമായ രീതിയിൽ പെരുമാറുന്നതിന് പരിശീലനം വ്യാപകമാക്കുമെന്ന് കെഎസ്‌ആര്‍ടിസി എംഡി ബിജു പ്രഭാകർ അറിയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി 1500 ഡ്രൈവർമാർക്കും, കണ്ടക്‌ടർമാർക്കും ആദ്യഘട്ടത്തിൽ പരിശീലനം നൽകി. ഈ വർഷം 10,000 ജീവനക്കാർക്ക് ഇത്തരത്തിൽ പരിശീലനം നൽകുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാല്‍ വിഷയം തണുക്കുന്നതിന് മുമ്പാണ് വീണ്ടും കെഎസ്‌ആര്‍ടിസിയുടെ ഒരു ജീവനക്കാരിയില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായിരിക്കുന്നത്.