തിരുവനന്തപുരം: ഡ്രൈവര്‍മാരുടെ കുറവ് മൂലം കെ.എസ്.ആര്‍.ടി.സിയില്‍ ഇന്ന് മുടങ്ങിയത് ആയിരത്തി അഞ്ഞൂറിലധികം സര്‍വീസുകള്‍. തിരുവനന്തപുരം മേഖലയില്‍ മാത്രം 850ല്‍ അധികം സര്‍വീസുകള്‍ മുടങ്ങി. അതേസമയം ശരാശരി വരുമാനത്തില്‍ കുറവ് വരാത്തത് കെ.എസ്.ആര്‍.ടിസിക്ക് ആശ്വാസമായി.
തിരുവനന്തപുരം സോണില്‍ 2263 ഷേഡ്യൂളുകളില്‍ 1410 സര്‍വീസുകളാണ് ഇന്ന് കെ.എസ്.ആര്‍ടിസി ഓപ്പറേറ്റ് ചെയ്തത്. എറണാകുളം മേഖലയില്‍ 1307 ഷെഡ്യൂളുകളും കോഴിക്കോട് സോണില്‍ 1003 ഷെഡ്യൂളുകളും സര്‍വീസ് നടത്തി. 1592 സര്‍വീസുകളാണ് ഇന്ന് മുടങ്ങിയത്. ഇന്നലെ 1695 ഷെഡ്യൂളുകളും മുടങ്ങിയിരുന്നു. 2230 താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ആകാതെ ബുദ്ധിമുട്ടുകയാണ് മാനേജ്‌മെന്റ്.
കഴിഞ്ഞ ദിവസവും ഇന്നും താത്കാലിക ഡ്രൈവര്‍മാരെ ഡ്യൂട്ടിക്ക് അയച്ചിരുന്നില്ല. ബുധനാഴ്ച മുതല്‍ താത്കാലിക ഡ്രൈവര്‍മാര്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കാനാണ് നിര്‍ദേശം. അതേസമയം, പ്രതിസന്ധി കണക്കിലെടുത്ത് തിരുവനന്തപുരം സെന്‍ട്രല്‍, എറണാകുളം, കോഴിക്കോട് യൂണിറ്റുകളില്‍ ദീര്‍ഘ ദൂര സര്‍വീസുകളില്‍ നാളെ ഉച്ച മുതല്‍ താത്കാലിക ഡ്രൈവര്‍മാരെ അയക്കാനും നിര്‍ദേശം നല്‍കി. ഷെഡ്യൂളുകള്‍ കൂട്ടത്തോടെ റദ്ദാക്കിയെങ്കിലും യാത്രാക്കാരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടില്ല. അര മണിക്കൂര്‍ ഇടവേളകളില്‍ ഓടുന്ന ഷെഡ്യൂളുകളില്‍ പലതും റദ്ദാകുന്നതിലൂടെ തിരക്ക് വര്‍ധിച്ചതാണ് കാരണം. കഴിഞ്ഞ ദിവസം 3617 ഷെഡ്യൂളുകള്‍ ഓപ്പറേറ്റ് ചെയ്തപ്പോള്‍ ആറ് കോടി രൂപയാണ് കലക്ഷനായി ലഭിച്ചത്. ഇത് സര്‍വീസുകള്‍ മടക്കം കൂടാതെ ഓപ്പറേറ്റ് ചെയ്യുമ്പോള്‍ ലഭിക്കുന്ന വരുമാനത്തോളം വരും. ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ഭരണപക്ഷ അനൂകൂല തൊഴിലാളി സംഘടനകള്‍ സമരം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.