തിരുവനന്തപുരം: കെ എസ് ആര്‍ ടി സി യിൽ വീണ്ടും അനിശ്ചിതകാല പണിമുടക്ക്. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതിനെതിരെ യു ഡി എഫ് സംഘടനയായ ടി ഡി എഫിന്‍റെ നേതൃത്വത്തിലാണ് പണിമുടക്ക്. ഒക്ടോബര്‍ ഒന്നു മുതലാണ് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ടിഡിഎഫ് വർക്കിങ് പ്രസിഡൻ്റ് എം.വിൻസെൻ്റ് എംഎൽഎ കെഎസ്ആർടിസി ചീഫ് ഓഫിസിലെത്തി സിഎംഡി ബിജു പ്രഭാകറിന് പണിമുടക്ക് നോട്ടിസ് കൈമാറി.
സിംഗിൾ ഡ്യൂട്ടി സംവിധാനം അംഗീകരിക്കുന്നു. എന്നാൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കാനാകില്ലെന്ന് എം.വിൻസെൻ്റ് പറഞ്ഞു. മാനേജ്‌മെന്‍റ് തീരുമാനം മോട്ടോർ വർക്കേഴ്‌സ് ആക്‌ടിനും കോടതി നിരീക്ഷണങ്ങൾക്കും ഉത്തരവുകൾക്കും എതിരാണ്.
12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കാനുള്ള മാനേജ്മെന്‍റിന്‍റെ ഏകപക്ഷീയമായ നിലപാടിനെതിരെയാണ് പണിമുടക്ക്. 12 മണിക്കൂര്‍ സിംഗിൾ ഡ്യൂട്ടി മുൻപ് പല എംഡിമാരും നടപ്പിലാക്കി, ക്രിയാത്മകമല്ലെന്ന് മനസിലാക്കി നിർത്തലാക്കിയിട്ടുള്ളതാണ്. കെഎസ്ആർടിസി മാനേജ്മെൻറ് മോശമാണെന്ന് സർക്കാർ തന്നെ പറയുന്ന സ്ഥിതിവിശേഷമാണ് ഇപ്പോൾ ഉള്ളത്. തീരുമാനത്തിൽ നിന്ന് മാനേജ്മെൻറ് പിന്മാറണമെന്നും എം വിൻസെൻറ് ആവശ്യപ്പെട്ടു.
അതേ സമയം പണിമുടക്കിനില്ലെന്നും എന്നാൽ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം തുടരുമെന്നും ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ എൽ രാജേഷ് അറിയിച്ചു. ഒരു ഡിപ്പോയിൽ 10 ശതമാനം ഷെഡ്യൂളുകൾ മാത്രം 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിയാക്കുകയും റൊട്ടേഷൻ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയോഗിക്കണമെന്നാണ് വിഷയത്തില്‍ സിഐടിയു അവശ്യപ്പെടുന്നതെന്ന് ജനറൽ സെക്രട്ടറി വിനോദ് പറഞ്ഞു.