തിരുവനന്തപുരം: കെഎസ്ആർടിസിയിൽ((KSRTC) ജനറൽ മാനേജർമാരായി നാല് കെഎഎസ് ഓഫിസർമാരെ നിയമിച്ചു.(Four KES officers were appointed as KSRTC General Managers) പൊതുഭരണ വകുപ്പാണ് ഇത് സംബന്ധിച്ച് ഇന്ന് ഉത്തരവിറക്കിയത്. മലപ്പുറം ഡെപ്യൂട്ടി കലക്‌ടർ (ഡിസാസ്റ്റർ മാനേജ്മെന്‍റ്) സരിൻ എസ് എസ് കെഎഎസ്, കോഴിക്കോട് ജില്ല ഓഡിറ്റ് ഓഫീസിലെ ഡെപ്യൂട്ടി ഡയറക്‌ടർ ജോഷോ ബെനെറ്റ് ജോൺ കെഎഎസ്, സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിലെ ഇടുക്കി ഓഫീസിലെ ഡെപ്യൂട്ടി കമ്മിഷണർ (ഇന്‍റലിജൻസ്) രാരാരാജ് ആർ കെഎഎസ്, കണ്ണൂർ ഇറിഗേഷൻ പ്രോജക്‌ടിലെ ഫിനാൻഷ്യൽ അസിസ്റ്റന്‍റ് റോഷ്‌ന അലിക്കുഞ്ഞ് കെഎഎസ് എന്നിവരെയാണ് കെഎസ്ആർടിസിയുടെ ജനറൽ മാനേജർ തസ്‌തികയിൽ നിയമിച്ചത്.
കെഎസ്ആർടിസിയിൽ നാല് ജനറൽ മാനേജർ തസ്‌തിക സൃഷ്‌ട്ടിച്ച് കെഎഎസ് ഓഫീസർമാരെ നിയമിക്കണമെന്ന് കെഎസ്ആർടിസി ഡയറക്‌ടർ ബോർഡ് സർക്കാരിനോട് ശുപാർശ ചെയ്‌തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് എഞ്ചിനീയറിംഗ് ബിരുദമുള്ള നാല് കെഎഎസ് ഓഫീസർമാരെ കെഎസ്ആർടിസിയിലേക്ക് നിയമിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്.
ഒരു പൊതു മേഖല സ്ഥാപനത്തിൽ കെഎഎസ് ഓഫീസർമാരെ ആദ്യമായാണ് നിയമിക്കുന്നത്. മാനേജ്മെന്‍റ് ഘടന പരിഷ്‌കരിക്കുന്നതിന്‍റെയും പ്രൊഫഷണലിസം കൊണ്ട് വരണമെന്നുള്ള സുശീൽ ഖന്ന റിപ്പോട്ടിന്‍റെയും അടിസ്ഥാനത്തിലുമാണ് തീരുമാനം. ഇവരെ ആദ്യ ഘട്ട പരിശീലനത്തിന് ശേഷം സോണൽ ജനറൽ മാനേജർമാരായും, ഹെഡ്കോട്ടേഴ്‌സിലും നിയമിക്കും.
സരിൻ എസ് എസ് തിരുവനന്തപുരം കാട്ടക്കട സ്വദേശിയാണ്. ഇലക്ട്രിക്കൽ ആന്‍റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗിൽ ബിടെക് ബിരുദധാരിയായ സരിന് മലപ്പുറം ഡിസാസ്റ്റർ മാനേജ്മെന്‍റ് അസിസ്റ്റന്‍റ് കളക്‌ടറായിരിക്കെയാണ് കെഎസ്ആർടിസിയിൽ നിയമനം ലഭിച്ചത്.
ജോഷോ ബെനെറ്റ് ജോൺ കൊല്ലം പെരിനാട് സ്വദേശിയാണ്. വയനാട് സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ഇലക്ട്രോണിക്‌സ് ആന്‍റ് കമ്മ്യൂണിക്കേഷൻ ബിരുദവും, അണ്ണാ യൂണിവേഴ്‌സിറ്റി ചെന്നൈ കാമ്പസിൽ നിന്നും എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും നേടിയ ജോഷോ ബിഎസ്എൻഎല്ലിൽ ജൂനിയർ എഞ്ചിനീയറും, ഇൻഡസ്ട്രീസ് ആന്റ് കോമേഴ്‌സ് ഡിപ്പാർട്ട്മെന്‍റിൽ ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്.
രാരാരാജ് ആർ ഇലക്ട്രോണിക്‌സ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയർ ബിരുദധാരിയും വർക്കല ഇടവ സ്വദേശിയുമാണ്. കെഎഎസ് ലഭിച്ച ശേഷം ജിഎസ്‌ടി ഡെപ്യൂട്ടി കമ്മീഷണറായി ജോലി നോക്കിവരെയാണ് അദ്ദേഹത്തെ കെഎസ്ആർടിസിയിൽ നിയമിച്ചത്.
കൊല്ലം പൻമന സ്വദേശിനിയായ റോഷ്‌ന അലിക്കുഞ്ഞ് വ്യവസായ വകുപ്പിൽ അസിസ്റ്റന്‍റ് ജില്ലാ ഇൻഡസ്ട്രിയൽ ഓഫീസറായും, വ്യവസായ വികസന ഓഫീസറായും കേരള കാഷ്യൂ വർക്കേഴ്‌സ് റിലീഫ് ആന്‍റ് വെൽഫയർ ഫണ്ട് ബോർഡിൽ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്.
Also read: കെഎസ്ആർടിസിയിലെ 'ചില്ലറ തര്‍ക്കം' തീരുന്നു; ഇനി ഗൂഗിൾ പേ വഴി ടിക്കറ്റെടുക്കാം