തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണ പ്രതിസന്ധിയിൽ പ്രതിഷേധം ശക്തമാക്കി തൊഴിലാളി സംഘടനകൾ. ജീവനക്കാർ ഈ മാസം 26ന് പണിമുടക്കാൻ തീരുമാനിച്ചു. ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് (ഐഎൻടിയുസി), സെന്‍റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയന്‍ (സിഐടിയു) സംഘടനകളുടെ സംയുക്ത സമര സമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഉറപ്പ് പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് സംയുക്ത സമരസമിതി ശക്തമായ പ്രതിഷേധങ്ങളിലേക്ക് കടക്കുന്നത്. ശമ്പളം കൃത്യമായി നൽകുക, ഓണം ആനുകൂല്യങ്ങൾ ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത സമരസമിതി പണിമുടക്ക് നടത്തുന്നത്. ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാകാത്തപക്ഷം പണിമുടക്ക് അനിശ്ചിതകാലത്തേക്ക് തുടരാനാണ് സംഘടനകളുടെ തീരുമാനം.
ജൂലൈ മാസത്തെ ശമ്പളം വളരെ വൈകിയാണ് ജീവനക്കാർക്ക് നൽകിയത്. ഇതിനെതിരെ പ്രതിപക്ഷ തൊഴിലാളി സംഘടനയായ ടിഡിഎഫിന്‍റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് നടത്തിയത്. കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിന്‍റെ തിരുമലയിലെ വസതിയിലേക്ക് ടിഡിഎഫ് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ബിജെപി അനുകൂല തൊഴിലാളി സംഘടനയായ ബിഎംഎസ് കെഎസ്ആർടിസി ചീഫ് ഓഫീസിലെ സിഎംഡിയുടെ ഓഫീസ് ഉപരോധിച്ചിരുന്നു. സിഐടിയു നേതൃത്വത്തിലും ഉപരോധം നടന്നിരുന്നു.
അതേസമയം സർക്കാർ സഹായമായ 50 കോടി രൂപ ധനവകുപ്പ് കൃത്യമായി നൽകാത്തതിനെ തുടർന്നാണ് ശമ്പള വിതരണത്തിൽ പ്രതിസന്ധി നേരിടുന്നതെന്നാണ് സിഎംഡി ബിജു പ്രഭാകറിന്റെയും ഗതാഗത മന്ത്രി ആൻ്റണി രാജുവിന്റെയും വിശദീകരണം. മാത്രമല്ല ജീവനക്കാരെയും തൊഴിലാളി സംഘടനകളെയും രൂക്ഷമായി വിമർശിച്ച് ബിജു പ്രഭാകറും രംഗത്തെത്തിയിരുന്നു. കെഎസ്ആർടിസി ജീവനക്കാരിൽ മാഹിയിൽ നിന്നും മദ്യം കടുത്തന്നവരും നാഗർകോവിൽ നിന്ന് അരി കടത്തുന്നവരും ഉണ്ടെന്ന് ബിജു പ്രഭാകർ ആരോപിച്ചിരുന്നു. ജീവനക്കാർക്കെതിരെ നടപടിയെടുത്താൽ ആരും പണിയെടുക്കില്ലെന്നാണ് ഭീഷണിയെന്നും ബിജു പ്രഭാകർ പറഞ്ഞിരുന്നു.
കെഎസ്ആർടിസിയുടെ 1180 ബസ്സുകളും നിലവിൽ കട്ടപ്പുറത്താണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ബസുകൾ കട്ടപ്പുറത്തുള്ളത് കേരളത്തിലാണെന്നും ബിജു പ്രഭാകർ കുറ്റപ്പെടുത്തിയിരുന്നു. മാത്രമല്ല യൂണിയന് മുകളിൽ കുറേ പേർ പ്രവർത്തിക്കുന്നതാണ് കെഎസ്ആർടിസിയുടെ പ്രധാന പ്രശ്നം. ഇപ്പോൾ നന്നായില്ലെങ്കിൽ കെഎസ്ആർടിസി ഇനി ഒരിക്കലും നന്നാകില്ലെന്നും മാനേജ്മെന്റിനെ എതിർക്കുന്നവർ ഒരു ചായ കടയെങ്കിലും നടത്തി പരിചയമുള്ളവരാകണമെന്നും ബിജു പ്രഭാകർ കൂട്ടിചേര്‍ത്തിരുന്നു.
കൂടാതെ കെഎസ്ആർടിസിക്ക് വരുമാനമുണ്ടായിട്ടും ശമ്പളം നൽകുന്നില്ലെന്ന പ്രചാരണം തെറ്റാണെന്നും കെഎസ്ആർടിസിയിൽ പണിയെടുക്കുന്ന എല്ലാവരും നന്നായാൽ മാത്രമേ ആ സ്ഥാപനം മെച്ചപ്പെടുകയുള്ളൂ. ചില ആളുകൾ പ്രത്യേക അജണ്ടയോട് കൂടിയാണ് പ്രവർത്തിക്കുന്നതെന്നും ബിജു പ്രഭാകർ പറഞ്ഞു. ശമ്പള വിതരണ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ബിജു പ്രഭാകർ രാജി സന്നദ്ധതയും അറിയിച്ചിരുന്നു. ഇതിനായി അദ്ദേഹം ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ALSO READ : കെഎസ്‌ആർടിസി ബസില്‍ ലൈംഗികാതിക്രമ ശ്രമം; 2 സംഭവങ്ങളിലായി പൊലീസുകാര്‍ അറസ്റ്റില്‍