തിരുവനന്തപുരം: പാടത്തും വരമ്പിലും കുളക്കടവിലും മാത്രമല്ല ഇനി കെഎസ്ആർടിസി ബസിലും 'സേവ് ദ ഡേറ്റ്'. അനന്തപുരിയുടെ രാജവീഥികളിൽ പഴമയുടെ പെരുമയുള്ള കെഎസ്ആർടിസിയിൽ ഇനി ഫോട്ടോഷൂട്ട് നടത്താം. അതും കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കറിൽ കുറഞ്ഞ ചെലവിൽ. എട്ട് മണിക്കൂറിന് നാലായിരം രൂപയാണ് വാടക തുക. 50 കിലോമീറ്റർ ചുറ്റളവിൽ എവിടെയും പോകാം. ഇത്തരത്തിൽ ഡബിൾ ഡെക്കർ ബസിൽ നടത്തിയ ആദ്യ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് ഇതിനോടകം ഹിറ്റായി കഴിഞ്ഞു. സേവ് ദ ഡേറ്റിന് വൈവിധ്യം തേടുന്നവർക്കായി അവസരം ഒരുക്കുകയാണ് കെഎസ്ആർടിസി.
അടുത്ത ജനുവരി 18ന് വിവാഹിതരാകുന്ന വാമനപുരം സ്വദേശി ഗണേഷും ഈഞ്ചയ്ക്കൽ സ്വദേശി ലക്ഷ്‌മിയുമാണ് ഡബിൾ ഡെക്കറിൽ ആദ്യ ഫോട്ടോഷൂട്ട് നടത്തിയത്. അധിക വരുമാനം കണ്ടെത്താനാണ് കെഎസ്ആർടിസിയുടെ പുതിയ പദ്ധതികൾ. പോസ്റ്റ് വെഡ്ഡിങ്, ബെർത്ത് ഡേ പാർട്ടികൾക്കും ബസ് വാടകയ്ക്ക് നൽകും. ആദ്യ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് ഹിറ്റായതോടെ കൂടുതൽ പേർ കെഎസ്ആർടിസിയെ സമീപിക്കുന്നുണ്ട്. കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും പദ്ധതി ഉടൻ വ്യാപിപ്പിക്കും.
അടുത്ത ഘട്ടത്തിൽ ലണ്ടനിലെ ആഫ്റ്റർ നൂൺ ടീ ബസ് മാതൃകയിൽ ബസിൻ്റെ രണ്ടാം നിലയിൽ ആഘോഷങ്ങൾക്കും താഴത്തെ നിലയിൽ കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കും അവസരം ഒരുക്കും.