തിരുവനന്തപുരം : കെഎസ്ആർടിസിയുടെ ഡീസൽ ബസുകൾ വൈദ്യുതിയിലേക്ക് മാറ്റും. (KSRTC diesel bus to electricity). സിഎൻജി ലാഭകരമല്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് വൈദ്യുതിയിലേക്ക് മാറ്റാൻ ആലോചിക്കുന്നത്. പത്തുവർഷം പഴക്കമുള്ള ബസുകൾ ആണ് ആദ്യഘട്ടത്തിൽ വൈദ്യുതിയിലേക്ക് മാറ്റുന്നത്.
കെഎസ്ആർടിസിയുടെ 1000 ബസുകൾ എങ്കിലും വൈദ്യുതിയിലേക്ക് മാറ്റി ഇന്ധന ചെലവ് പരമാവധി കുറയ്ക്കാനാണ് മാനേജ്മെന്‍റ് തീരുമാനം. ഡീസൽ ബസുകൾ വൈദ്യുതിയിലേക്ക് മാറ്റുമ്പോൾ ഒരു ചാർജിങ്ങിൽ 120 കിലോമീറ്റർ ഓടാൻ കഴിയുന്ന ബാറ്ററി(120 km battery facility for electric buses) സംവിധാനമാണ് ആവശ്യപ്പെടുന്നത്. ഇതിനായി സ്റ്റാർട്ടപ്പായ ഹിന്ദുസ്ഥാൻ ഇ വി മോട്ടോഴ്‌സ്, വിദേശ പങ്കാളിത്തമുള്ള മറ്റു മൂന്നു കമ്പനികൾ എന്നിവർ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ നടപടികൾ വേഗത്തിൽ ആക്കാനുള്ള നീക്കത്തിലാണ് കെഎസ്ആർടിസി. ബാറ്ററികൾ ഇളക്കിമാറ്റാൻ കഴിയുന്ന സംവിധാനമാണ് കെഎസ്ആർടിസി ആവശ്യപ്പെടുന്നത്. എന്നാൽ നിലവിലെ സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകളിൽ ബാറ്ററി ഇളക്കി മാറ്റാൻ സാധിക്കില്ല. ഇളക്കി മാറ്റാൻ സാധിക്കുന്നവയാണെങ്കിൽ ബാറ്ററികൾ സ്റ്റേഷനുകളിൽ ചാർജ് ചെയ്‌ത് സൂക്ഷിച്ച് വളരെ വേഗം ബസുകളിൽ ഘടിപ്പിക്കാൻ സാധിക്കും.
പഴയ ഡീസൽ ബസുകൾ ഇലക്ട്രിക്കിലേക്ക് മാറ്റുന്നതിന് 20 ലക്ഷം രൂപ വരെ ചെലവിടാൻ തയാറാണെന്നാണ് മാനേജ്മെന്‍റ് കമ്പനികളെ അറിയിച്ചിരിക്കുന്നത്. എന്നാൽ പുതിയ ഇലക്ട്രിക് ബസിന് 92 ലക്ഷം രൂപ വിലയുണ്ട്. ഡീസൽ ബസുകൾ ഇലക്ട്രിക്കലിലേക്ക് മാറ്റുന്നതിന് എൻജിൻ മാറ്റി ശേഷം മോട്ടോറും ബാറ്ററിയും കൺട്രോൾ യൂണിറ്റും ഘടിപ്പിച്ചാൽ മതി. മാത്രമല്ല നഗരത്തിൽ സർവീസ് നടത്തുന്ന സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകൾ വളരെ ലാഭത്തിലുമാണ്.
Also Read: തലസ്ഥാനം കാണിക്കാന്‍ ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകൾ; ജനുവരി മുതല്‍ കണ്ട് തുടങ്ങാം...