തിരുവനന്തപുരം: ശമ്പള വിതരണത്തിന് സര്‍ക്കാരിനോട് അടിയന്തര ധനസഹായമായി 65 കോടി ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി. ഓഗസ്റ്റ് 5ന് മുന്‍പ് ജൂലൈ മാസത്തെ ശമ്പളം വിതരണം ചെയ്യുന്നതിനാണ് ധനസഹായം തേടിയത്. എന്നാല്‍ ജൂണ്‍ മാസത്തെ ശമ്പളവിതരണം പോലും കെഎസ്ആര്‍ടിയില്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് കെഎസ്ആര്‍ടിസി അഭിമുഖീകരിക്കുന്നത്. എല്ലാ മാസവും 5ന് മുന്‍പ് ശമ്പളം വിതരണം ചെയ്യണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ ശമ്പള വിതരണം നീട്ടിവയ്ക്കാനും സാധിക്കില്ല. അതിനായി തുക കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് കെഎസ്ആര്‍ടിസി.
സര്‍ക്കാരിനോട് 65 കോടി ശമ്പള വിതരണത്തിന് അടിയന്തര സഹായം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ പണം നല്‍കിയില്ലെങ്കില്‍ മാനേജ്മെന്‍റ് പ്രതിസന്ധിയിലാകും. കഴിഞ്ഞ തവണ 30 കോടി സഹായത്തിന് പുറമേ 20 കോടി കൂടി സര്‍ക്കാര്‍ നല്‍കിയിരുന്നു. എങ്കിലും ജൂണിയിലെ ശമ്പളം ഇതുവരെ കൊടുത്തു തീര്‍ക്കാനായിട്ടില്ല.
ഇനി 30 കോടിയോളം രൂപ കൂടി കണ്ടെത്തിയാല്‍ മാത്രമെ ഇത് പൂര്‍ത്തിയാക്കാനാകൂ. അതിനിടെ 5ന് മുന്‍പ് അടുത്ത ശമ്പളത്തിനുള്ള 80 കോടിയും കെഎസ്ആര്‍ടിസിക്ക് ആവശ്യമാണ്. ആദ്യം ഡ്രൈവര്‍മാര്‍ക്കും കണ്ടക്‌ടര്‍മാര്‍ക്കുമുള്ള ശമ്പളമാണ് നല്‍കുന്നത്.
അതിനു ശേഷമാണ് മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ ശമ്പളം. കെഎസ്ആര്‍ടിയുടെ പക്കല്‍ നീക്കിയിരിപ്പുകള്‍ ഒന്നു അവശേഷിക്കുന്നില്ലെന്നാണ് മാനേജ്മെന്‍റിന്‍റെ വിശദീകരണം.