തിരുവനന്തപുരം: ഡീസൽ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സർവീസുകൾ വെട്ടിക്കുറച്ച് കെഎസ്ആർടിസി. ഇന്ന് 50 ശതമാനവും നാളെ 25 ശതമാനവും ഓർഡിനറി ബസുകൾ മാത്രമെ സർവീസ് നടത്തുകയുള്ളൂ. ഞായറാഴ്‌ച ഓർഡിനറി സർവീസുകൾ പൂർണമായും ഒഴിവാക്കും.
ഇത് സംബന്ധിച്ച് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ നിർദേശം നൽകി. അതേസമയം വരുമാനമുള്ള ഫാസ്റ്റ് പാസഞ്ചർ മുതലുള്ള സൂപ്പർ ക്ലാസ് സർവീസുകൾ മുടക്കരുതെന്നും നിർദേശമുണ്ട്. ചൊവ്വാഴ്‌ചയോടെ ഡീസൽ പ്രതിസന്ധി പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഡീസല്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വരുമാനം കുറഞ്ഞ സര്‍വീസുകള്‍ റദ്ദാക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍മാര്‍ക്ക് കെഎസ്ആര്‍ടിസി എംഡി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്നിട്ടും പിടിച്ചു നിൽക്കാനാകാത്ത സാഹചര്യത്തിലാണ് ഓർഡിനറി സർവീസുകൾ വെട്ടിക്കുറയ്ക്കുന്നത്.
എണ്ണക്കമ്പനികൾക്ക് വൻ തുക കുടിശ്ശിക ആയതിനെ തുടർന്ന് ഡീസൽ ലഭ്യമാകാതെ വന്നതാണ് രൂക്ഷമായ പ്രതിസന്ധിയിലേക്ക് നയിച്ചത്. 135 കോടി രൂപയാണ് എണ്ണക്കമ്പനികൾക്ക് കുടിശ്ശിക ഇനത്തിൽ നൽകാനുള്ളത്.
Also Read വയനാട്ടിൽ ഡീസൽ ക്ഷാമം രൂക്ഷം: കെഎസ്ആർടിസി സർവീസുകൾ മുടങ്ങി