തിരുവനന്തപുരം: നഷ്‌ടം കുറയ്ക്കാന്‍ പുതിയ നിര്‍ദേശങ്ങളുമായി കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസുകള്‍ ഇനി മുതല്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന എല്ലായിടത്തും നിര്‍ത്തും. അണ്‍ലിമിറ്റഡ് ഓര്‍ഡിനറി സര്‍വീസ് എന്നാണ് ഇവ അറിയപ്പെടുക. മലബാര്‍ മേഖലകളില്‍ ഒഴികെ അണ്‍ലിമിറ്റഡ് ഓര്‍ഡിനറി സര്‍വീസ് പരീക്ഷണാടിസ്ഥാനത്തില്‍ നടത്താനാണ് തീരുമാനം. യാത്രാക്കാരുടെ പ്രതികരണം ലഭിച്ച ശേഷം സര്‍വീസുകള്‍ വ്യാപകമാക്കും. ഈ മാസം 29 ന് മുന്‍പ് റൂട്ട് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കെ.എസ്.ആര്‍.ടി.സി എം.ഡി ബിജുപ്രഭാകര്‍ യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
അഞ്ച് മാസത്തിനുള്ളില്‍ എല്ലാ ബസുകളിലും ജിപിഎസ് ഘടിപ്പിക്കും. ക്യാഷ്‌ലെസ് ടിക്കറ്റ് മെഷീന്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ചെലവ് കുറയ്ക്കാനായി നഷ്ടത്തിലുള്ള മുഴുവന്‍ സര്‍വീസുകളും നിര്‍ത്തലാക്കുകയോ പുനക്രമീകരിക്കുകയോ ചെയ്യും. ഓരോ ഡിപ്പോയും ഡീസല്‍ ചെലവ് 15 ശതമാനം കുറയ്ക്കുകയും വരുമാനത്തില്‍ 25 ശതമാനം വര്‍ധന വരുത്തണമെന്നും നിര്‍ദേശമുണ്ട്.