തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വിദ്യാർഥികൾക്ക് നൽകി വരുന്ന യാത്ര ഇളവിന് നിയന്ത്രണം ഏർപ്പെടുത്തിയെന്ന തരത്തിൽ പ്രചരിക്കുന്ന മാധ്യമ വാർത്തകൾ അടിസ്ഥാനരഹിതമെന്ന് മാനേജ്‌മെന്‍റ്. വിദ്യാർഥികൾക്കുള്ള യാത്ര ഇളവ് വർഷങ്ങളായി തുടർന്ന് വരുന്നതാണെന്നും നിലവിൽ സർക്കാർ അനുവദിച്ച തരത്തിലുള്ള യാത്ര സൗജന്യം അതേപടി തുടരുകയാണെന്നും മാനേജ്‌മെന്‍റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. വരുമാനം കുറയുന്നത് കണക്കിലെടുത്ത് ഒരു ബസിന് 25 വിദ്യാർഥികൾ എന്ന കണക്കിലേ ഇനി മുതൽ ഇളവ് അനുവദിക്കുകയുള്ളൂവെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെയാണ് മാനേജ്‌മെന്‍റിന്‍റെ വിശദീകരണം.
സ്വകാര്യ ബസുകളും കെഎസ്ആർടിസിയും സർവിസ് നടത്തുന്ന അഞ്ചൽ - കൊട്ടിയം റൂട്ടിൽ വിദ്യാർഥികൾക്ക് കൺസഷൻ അനുവദിക്കണം എന്ന ആവശ്യത്തിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി. ഇതേതുടർന്ന് 1994 മുതൽ നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ച് ഈ റൂട്ടിൽ പുതിയതായി കൺസഷൻ അനുവദിച്ച് ഉത്തരവ് നൽകുകയാണ് ഉണ്ടായത്. ഇതിനെ തെറ്റായി വ്യാഖ്യാനിച്ചാണ് വാർത്തകൾ പ്രചരിക്കുന്നത്.
സ്വകാര്യ ബസിൽ നിന്നും വ്യത്യസ്‌തമായി കെഎസ്ആർടിസി ബസുകളിൽ പ്ലസ്‌ടു വരെയുള്ള വിദ്യാർഥികൾക്ക് കൺസഷന് പകരം കാർഡ് നൽകിയാണ് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളത്. സ്വകാര്യ ബസുകൾക്കൊപ്പം കെഎസ്ആർടിസിയും സർവിസ് നടത്തുന്ന മേഖലയിൽ സ്‌കൂൾ സമയത്ത് ഓടുന്ന മുഴുവൻ ട്രിപ്പുകൾക്കും ആനുപാതികമായാണ് കൺസഷൻ അനുവദിച്ച് വരുന്നത്. ഇത്തരത്തിൽ ബസിന് ആനുപാതികമായി കൺസഷൻ അനുവദിക്കുന്നത് വിദ്യാർഥികളുടെയും മറ്റ് യാത്രക്കാരുടെയും യാത്രാസൗകര്യം ഉറപ്പ് വരുത്തി കൺസഷൻ കാർഡ് നൽകുവാനാണ്.
കൺസഷൻ അനുവദിക്കുന്ന റൂട്ടുകൾ ലാഭകരമല്ലെങ്കിൽ പോലും അവിടെ വിദ്യാർഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിക്കാൻ മിനിമം ഒരു ബസ് എങ്കിലും ഇതിനായി സർവിസ് നടത്തുന്നുണ്ട്. എന്നാൽ അനിയന്ത്രിതമായി കൺസഷൻ അനുവദിക്കാനാകില്ല. 40 മുതൽ 48 സീറ്റിങ് കപ്പാസിറ്റിയുള്ള ബസിൽ 25 സീറ്റും വിദ്യാർഥികൾക്കായാണ് ഇപ്പോൾ മാറ്റി വച്ചിരിക്കുന്നത്. 25 ൽ കൂടുതൽ വിദ്യാർഥികൾക്ക് സീറ്റ് അനുവദിക്കണമെങ്കിൽ വിദ്യാഭ്യാസ വകുപ്പോ, ബന്ധപ്പെട്ട വകുപ്പുകളോ തുക അനുവദിക്കണം. അതിനുള്ള പ്രൊപ്പോസൽ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.
എത്ര ബസുകൾ വേണമെങ്കിലും വിദ്യാർഥികൾക്ക് വേണ്ടി ഗ്രാമവണ്ടി / സ്റ്റുഡന്‍റ്‌സ് ബോണ്ട് മാതൃകയിൽ സർവിസ് നടത്തുവാൻ കെഎസ്ആർടിസി തയ്യാറാണ്. നിലവിലെ സാമ്പത്തിക സ്ഥിതിയിൽ ഇതിനായി വിദ്യാഭ്യാസ വകുപ്പോ കുട്ടികളുടെ ക്ഷേമം സംബന്ധിച്ച മറ്റ് ബന്ധപ്പെട്ട വകുപ്പുകളോ ആരെങ്കിലും സ്‌പോൺസര്‍ ചെയ്യാൻ തയ്യാറാകണമെന്നും മാനേജ്‌മെന്‍റ് വാർത്താക്കുറിപ്പിൽ സൂചിപ്പിച്ചു.