തിരുവനന്തപുരം: ഇക്കഴിഞ്ഞ ക്രിസ്‌മസ്, പുതുവത്സര ആഘോഷ നാളുകൾ കെഎസ്ആർടിസിയെ സംബന്ധിച്ച് ആഹ്ളാദമുളവാക്കുന്നതാണ്. ഡിസംബർ 23 മുതൽ ജനുവരി 3 വരെയുള്ള ക്രിസ്‌മസ്, പുതുവത്സര ദിനങ്ങളിൽ കെഎസ്ആർടിസി നേടിയത് റെക്കോഡ് കലക്ഷനാണ്. 10 ദിവസത്തെ കെഎസ്ആർടിസിയുടെ വരുമാനം 90.41 കോടി രൂപയാണ്.
ക്രിസ്‌മസ്, ന്യൂ ഇയർ കഴിഞ്ഞുള്ള ആദ്യ പ്രവൃത്തി ദിനത്തിലും റെക്കോഡ് കലക്ഷനാണ് നേടിയത് (8.43 കോടി രൂപയാണത്). കെഎസ്ആർടിസിയുടെ പ്രതിദിന കലക്ഷനിലെ ഏറ്റവും ഉയർന്ന വരുമാനമാണിത്. സെപ്റ്റംബർ 12 ഓണ അവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനത്തിൽ നേടിയ 8.04 കോടി രൂപയെന്ന പ്രതിദിന കലക്ഷൻ റെക്കോഡാണ് കെഎസ്‌ആര്‍ടിസി തിരുത്തിക്കുറിച്ചത്.
ഡിസംബർ മാസത്തിൽ 222.34 കോടി രൂപയാണ് കെഎസ്ആർടിസിയുടെ ആകെ കലക്ഷൻ വരുമാനം. തമ്പാനൂർ സെൻട്രൽ ഡിപ്പോയാണ് പ്രതിദിന കലക്ഷനിൽ മുന്നിൽ. ഡിസംബർ 23 മുതൽ ജനുവരി 3 വരെ 6 കോടി രൂപയാണ് തമ്പാനൂർ സെൻട്രൽ ഡിപ്പോയുടെ കലക്ഷൻ നേട്ടം.
ഓണത്തിന് സെപ്റ്റംബർ 4 മുതൽ 13 വരെ നടത്തിയ സർവീസുകളിൽ നിന്നായി 4 കോടി രൂപയായായിരുന്നു തമ്പാനൂർ സെൻട്രലിൽ നിന്ന് കെഎസ്ആർടിസി നേടിയത്. ഒക്‌ടോബർ മാസത്തിൽ 191.09 കോടിയും നവംബർ മാസത്തിൽ 193.85 കോടി രൂപയുമാണ് കെഎസ്ആർടിസിയുടെ ആകെ വരുമാനം.