തിരുവനന്തപുരം: തലസ്ഥാനത്ത് നിന്ന് ചെന്നൈയിലേക്ക് പ്രത്യേക സര്‍വീസിനൊരുങ്ങി കെഎസ്‌ആര്‍ടിസി. പൂജ അവധി, കേരള പിറവി ആഘോഷങ്ങള്‍ എന്നിവ പ്രമാണിച്ചാണ് പ്രത്യേകത സര്‍വീസ്. കെഎസ്ആർടിസിയുടെ സൂപ്പർ ഡീലക്‌സ് എയർ ബസാണ് സര്‍വീസ് നടത്തുക. ഞായറാഴ്‌ചയാണ് (ഒക്‌ടോബര്‍ 29) സര്‍വീസ് ആരംഭിക്കുക.
തിരുവനനന്തപുരത്ത് നിന്ന് വൈകുന്നേരം 6.30ന് ചെന്നൈയിലേക്കുള്ള ആദ്യ യാത്ര ആരംഭിക്കും. ഞായറാഴ്‌ച പുറപ്പെടുന്ന ബസ് തിങ്കളാഴ്‌ച (ഒക്‌ടോബര്‍ 30) രാവിലെ 9.50ന് ചെന്നൈയില്‍ എത്തും. തുടര്‍ന്ന് തിങ്കളാഴ്‌ച (ഒക്‌ടോബര്‍ 30) രാത്രി 8 മണിയ്‌ക്ക് ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന ബസ് ഒക്‌ടോബര്‍ 31ന് രാവിലെ 11.20ന് തലസ്ഥാനത്ത് എത്തും വിധമാണ് സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്.
ട്രെയിനിൽ ചെന്നൈയിലെത്തിയ ശേഷം തിരുവനന്തപുരത്തേക്ക് കണക്ഷൻ ട്രെയിൻ കിട്ടാത്തവർക്ക് കൂടി പ്രയോജനപ്പെടും വിധമാണ് ബസിന്‍റെ മടക്കയാത്ര രാത്രി 8 മണിക്ക് ആക്കിയതെന്നും കെഎസ്ആർടിസി വാർത്ത കുറിപ്പിൽ അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് 1331 രൂപയാണ് ടിക്കറ്റ് നിരക്ക്. ചെന്നൈയിൽ നിന്നു തിരുവനന്തപുരത്തേക്ക് 1025 രൂപയും. നിലവില്‍ ശമ്പള പ്രതിസന്ധി അടക്കമുള്ള പ്രശ്‌നങ്ങള്‍ വലയുമ്പോഴാണ് വരുമാനത്തിനായി കെഎസ്‌ആര്‍ടിസി പുതിയ സര്‍വീസിന് തുടക്കമിടുന്നത്.
പ്രതിസന്ധിയില്‍ വലഞ്ഞ് കെഎസ്‌ആര്‍ടിസി: കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ മുടങ്ങിയ സെപ്‌റ്റംബര്‍ മാസത്തിലെ ശമ്പളം നല്‍കാന്‍ 20 കോടി രൂപ നല്‍കി ധനവകുപ്പ്. കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ സെപ്‌റ്റംബറിലെ ശമ്പളം മുടങ്ങിയതിന് തുടര്‍ന്ന് കഴിഞ്ഞ ദിവസം തലസ്ഥാനത്ത് വലിയ പ്രതിഷേധമുണ്ടായതിന് പിന്നാലെയാണ് ധനവകുപ്പിന്‍റെ നടപടി. സെപ്‌റ്റംബര്‍ മാസത്തിലെ രണ്ടാം ഗഡുവാണ് തൊഴിലാളികള്‍ക്ക് നല്‍കാനുള്ളത്.
സംഭവത്തില്‍ പ്രതിഷേധിച്ച് ഐഎൻറ്റിയുസി യൂണിയനായ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്‌സ് യൂണിയന്‍റെ നേത്യത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് ജീവനക്കാര്‍ പന്തം കൊളുത്തി പ്രകടനം നടത്തിയിരുന്നു. ശമ്പളം ഉടന്‍ നല്‍കിയില്ലെങ്കില്‍ കേരളീയം പരിപാടി ബഹിഷ്‌കരിക്കുമെന്നും സംഘം പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധ പ്രകടനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെയും ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജുവിന്‍റെയും സിഎംഡി ബിജു പ്രഭാകറിന്‍റെയും കോലം കത്തിക്കുകയും ചെയ്‌തു. ശബരിമല സർവീസ് സംബന്ധിച്ച ചർച്ചകൾക്കിടെയായിരുന്നു ഉപരോധം. ധനവകുപ്പ് അനുവദിച്ച തുകയ്‌ക്ക് പുറമെ 20 കോടി രൂപ കൂടി കണ്ടെത്താനുള്ള നീക്കത്തിലാണ് കെഎസ്‌ആര്‍ടിസി. 40 കോടി രൂപയാണ് സെപ്‌റ്റംബര്‍ മാസത്തിലെ ശമ്പളത്തിനായി ആവശ്യമുള്ളത്.