തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മാസം മുതൽ കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബസുകളും സര്‍വീസ് നടത്തണമെന്ന് നിര്‍ദേശം. ഓപ്പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ ആണ് ഇത് സംബന്ധിച്ച് സോണല്‍ മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. നിലവിൽ ചില യൂണിറ്റുകളിൽ ബസ് സർവീസ് നടത്താതെ നിർത്തിയിട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.
മറ്റെന്നാള്‍ മുതല്‍ എല്ലാ ബസുകളും സര്‍വീസിന് ഇറക്കണമെന്നാണ് നിർദേശം. കൊവിഡിന് മുമ്പ് പ്രതിദിനം ശരാശരി 5,700 സര്‍വീസുകളാണുണ്ടായിരുന്നത്. എന്നാൽ നിലവില്‍ 4400 എണ്ണമേ ഉള്ളു. ജീവനക്കാരില്ലെങ്കില്‍ ബദല്‍ ജീവനക്കാരെ നിയോഗിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
അതേസമയം കെഎസ്ആർടിസി ബസുകളിൽ ടിക്കറ്റിന് ഫോൺപേ വഴി പണം നൽകാനുള്ള സംവിധാനം ഒരു മാസത്തിനകം നടപ്പിലാക്കിയേക്കും. കഴിഞ്ഞമാസം ഉദ്ഘാടനം ചെയ്യാനിരുന്ന പദ്ധതി സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ സ്വിഫ്റ്റിലും ഡീലക്‌സ് മുതൽ മുകളിലേക്ക് ശ്രേണിയിൽപ്പെട്ട ബസുകളിലുമാണ് ഫോൺപേ വഴി പണം നൽകാനുള്ള സൗകര്യം ഒരുക്കുന്നത്.
READ MORE: പണം തന്നെ നൽകണം ; കെഎസ്‌ആർടിസി ബസുകളിലെ യുപിഐ പേയ്മെൻ്റ് സംവിധാനം വൈകും
മുഴുവൻ സർവീസുകളിലേക്കും ഘട്ടംഘട്ടമായി പദ്ധതി വ്യാപിപ്പിക്കും. ഇതിലൂടെ പണമിടപാടുകൾ എളുപ്പമാക്കുന്നതിനൊപ്പം കലക്ഷൻ സുതാര്യമാക്കാനാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ തന്നെ നല്ലൊരു ശതമാനം ബസുകളിൽ ഈ സംവിധാനം നടപ്പാക്കണമെന്നാണ് ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ നിർദേശം. പദ്ധതിക്കായി കാത്തിരിപ്പാണ് യാത്രക്കാരും.