തിരുവനന്തപുരം: കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നവജാത ശിശു അടക്കം മൂന്ന് മരണം. തിരുവനന്തപുരം ജില്ലയിലെ പള്ളിപ്പുറത്തിന് സമീപം ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടം. പ്രസവം കഴിഞ്ഞ് തിരുവനന്തപുരത്തെ ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെയും കൊണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്.
ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടമുണ്ടാക്കിയത്. അമിത വേഗതയിലെത്തിയ കെഎസ്ആർടിസി ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറിയാണ് അപകടമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. തിരുവനന്തപുരം ആറ്റിങ്ങൽ കല്ലമ്പലം മണമ്പൂർ സ്വദേശികളായ നാല് ദിവസം പ്രായമായ നവജാത ശിശു അടക്കം മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്.
നവജാത ശിശു, കുട്ടിയുടെ അമ്മൂമ്മ ശോഭ, ഓട്ടോ ഡ്രൈവർ സുനില്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. അപകടത്തിൽ മരിച്ച കുഞ്ഞിന്‍റെ അമ്മ അനു, അച്ഛൻ മഹേഷ്, അവരുടെ മൂത്തകുട്ടി (അഞ്ച് വയസ്) എന്നിവരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌ത് ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം.
അപകടത്തിന് പിന്നാലെ ബസ് ഡ്രൈവർ സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ടെങ്കിലും ഇയാളെ പിന്നീട് പൊലീസ് അറസ്‌റ്റ് ചെയ്‌തു. വിവരമറിഞ്ഞ് എത്തിയ നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂർണമായും തകർന്ന നിലയിലാണ്. അപകടസ്ഥലത്ത് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. പള്ളിപ്പുറത്ത് വാഹനാപകടങ്ങൾ സ്ഥിരം സംഭവമാണെന്നാണ് നാട്ടുകാർ പറയുന്നത്.
പ്രശസ്‌ത സംഗീത സംവിധായകനും ഫ്യൂഷൻ സംഗീത വിദഗ്‌ധനുമായ ബാലഭാസ്‌കർ വാഹനാപകടത്തിൽ മരിച്ചത് പള്ളിപ്പുറത്ത് വച്ചാണ്. 2018 സെപ്റ്റംബർ 25നാണ് ബാലഭാസ്‌കർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ അപകടത്തിൽപ്പെടുന്നത്.