തിരുവനന്തപുരം: വൈദ്യുതി കുടിശിക അടയ്‌ക്കാത്തതിനെ തുടർന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെഎസ്‌ഇബി. സെപ്‌റ്റംബര്‍ 28ന് ഇന്ത്യ - ദക്ഷിണാഫ്രിക്ക അന്താരാഷ്‌ട്ര മത്സരം നടക്കാനിരിക്കെയാണ് ഇലക്‌ട്രിസിറ്റി ബോര്‍ഡ് സ്‌റ്റേഡിയത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. അതേസമയം, കഴിഞ്ഞ മൂന്ന് വർഷത്തെ കുടിശിക ഇനത്തിൽ 2,36,00,000 രൂപയാണ് സ്‌റ്റേഡിയത്തിന്‍റെ നടത്തിപ്പുകാരായ കാര്യവട്ടം സ്പോർട്സ് ഫെസിലിറ്റിസ് ലിമിറ്റഡ് കെഎസ്‌ഇബിക്ക് നൽകാനുള്ളത്.
കുടിശിക അടയ്‌ക്കാത്തതിനെ തുടർന്ന് കഴിഞ്ഞ 13നാണ് കെഎസ്‌ഇബി ജീവനക്കാരെത്തി സ്‌റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിച്ചത്. ജല അതോറിറ്റിക്കും സ്‌റ്റേഡിയം നടത്തിപ്പുകാര്‍ കുടിശിക ഇനത്തിൽ വൻ തുക നൽകാനുണ്ട്. അടയ്‌ക്കാത്ത പക്ഷം ജലവിതരണവും ഉടൻ മുടങ്ങാനാണ് സാധ്യത. ഇതിന് പുറമെ നഗരസഭയ്‌ക്ക് നികുതി ഇനത്തിൽ 2,85,00,000 രൂപയും അടയ്‌ക്കാനുണ്ട്. വൈദ്യുതി വിച്ഛേദിച്ചതിനാൽ മത്സരത്തിന്‍റെ സുരക്ഷയുടെ ഭാഗമായി സിറ്റി പൊലീസ് കമ്മിഷണർ വിളിച്ച യോഗം തുടങ്ങിയത് വൈദ്യുതിയില്ലാത്ത ഹാളിൽ വച്ചാണ്. ഇന്ത്യ - ദക്ഷിണാഫ്രിക്ക മത്സരത്തിന് 11 നാൾ മാത്രം ബാക്കിനിൽക്കേ വിഷയത്തിൽ അടിയന്തരമായി സർക്കാർ ഇടപെടണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.