തിരുവനന്തപുരം: കെഎസ്ഇബി ചെയര്‍മാനും ഇടതു സംഘടന ജീവനക്കാരും തമ്മില്‍ വീണ്ടും രൂക്ഷമായ പോര്. കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയായ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജാസ്‌മിന്‍ ഭാനുവിനെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തിൽ ചെയര്‍മാന്‍ ബി അശോകിനെതിരെയാണ് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍റെ പ്രതിഷേധം.
കെഎസ്ഇബി ആസ്ഥാനമായ വൈദ്യുതി ഭവന് മുന്നില്‍ ഓഫീസേഴ്‌സ് അസോസിഷേന്‍ അര്‍ധദിന സത്യാഗ്രഹസമരം നടത്തി. സമരത്തിനെതിരെ ചെയര്‍മാന്‍ പ്രഖ്യാപിച്ച ഡയസ്‌നോണ്‍ തള്ളിയാണ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചത്. പ്രതിഷേധക്കാർ ബോർഡ് റൂമിൽ തള്ളിക്കയറി മുദ്രാവാക്യം വിളിച്ചു.
അവധിയെടുക്കാതെ കേരളത്തിന് പുറത്തേയ്ക്ക് യാത്ര പോയതാണ് സ്‌പെന്‍ഷന് കാരണം. എന്നാല്‍ മേലധികാരിയുടെ അനുമതിയോടെയാണ് യാത്ര പോയതെന്നതാണ് ഓഫീസേഴ്‌സ് അസോസിയേഷന്‍റെ വാദം. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട ഉദ്യോഗസ്ഥയെ ചെയര്‍മാന്‍ അവഹേളിക്കുന്ന വിധം പെരുമാറിയെന്നും സംഘടന കുറ്റപ്പെടുത്തുന്നു.
സസ്പെൻഷൻ പിൻവലിക്കുന്നതുവരെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നാണ് സംഘടനയുടെ നിലപാട്. കെഎസ്ഇബിയില്‍ ചെയര്‍മാന്‍ ബി അശോകും ഇടതു സംഘടന നേതാക്കളും നേരത്തെ തന്നെ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. എന്നാല്‍ എല്‍ഡിഎഫ് നേതാക്കളും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയും ഇടപെട്ട് ഇത് രമ്യതയില്‍ എത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോര് വീണ്ടും സജീവമാകുന്നത്.