തിരുവനന്തപുരം: കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിക്ക് നെയ്യാറ്റിന്‍കരയില്‍ തുടക്കമായി. 12 രൂപതകളില്‍ നിന്നെത്തിയ ബിഷപ്പുമാരടങ്ങുന്ന പ്രതിനിധികളുടെ സമ്മേളനത്തിനാണ് തുടക്കമായത്. സാമൂഹ്യനീതി പൗരന് കിട്ടേണ്ട അവകാശമാണെന്നും, അത് കിട്ടാനായി ആരുടെ മുന്നിലും ഓച്ചാനിച്ച് നിൽക്കേണ്ട കാര്യമില്ലെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് വ്യക്തമാക്കി. ഡോ. സൂസപാക്യം നവോത്ഥാന നായകനാണെന്നും മുനീർ പറഞ്ഞു. ഈഴവ സമൂഹത്തിനകത്ത് നവോത്ഥാനങ്ങള്‍ക്ക് നേതൃത്വം നൽകിയതിനാലാണ് ശ്രീനാരായണ ഗുരുദേവനെയും മുസ്ലിം സമുദായത്തിനകത്ത് നടത്തിയ പരിവർത്തനങ്ങളാണ് വക്കം അബ്‌ദുള്‍ ഖാദർ മൗലവിയേയും നവോത്ഥാന നായകന്‍മാരാക്കിയതെങ്കില്‍ ശിഥിലമായി കിടന്നതിനെ കെആർഎൽസിസി എന്ന പ്രസ്ഥാനത്തിലൂടെ ഒരു കുടക്കീഴിൽ എത്തിച്ച ഡോ. സൂസപാക്യം നവോത്ഥാന നായകനാണെന്ന് ഡോ.എം കെ. മുനീർ പറഞ്ഞു.
പൗരത്വ ബില്ല് എന്നത് എല്ലാവരെയും ഒഴിവാക്കപ്പെടുമെന്നതിന്‍റെ മുന്നോടിയായുള്ള ഒരു ബില്ലാണെന്ന് കെആർഎൽസിസി പ്രസിഡന്‍റ് ബിഷപ് ഡോ.ജോസഫ് കരിയിൽ പറഞ്ഞു. ഇന്ന് മുസ്‌ലിം സമൂഹത്തെയാണ് ഒഴിവാക്കപ്പെടുന്നതെങ്കിൽ നാളെ അത് നമ്മെ തേടി വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബിഷപ് ഡോ.വിൻസന്‍റ് സാമുവൽ, കോവളം എംഎൽഎ അഡ്വ. വിൽസന്‍റ്, നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്‌സൺ ഡബ്ല്യു.ആർ ഹീബ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. സമ്മേളനം നാളെ സമാപിക്കും.