തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്നും ഉച്ചഭക്ഷണത്തിന് മേലുള്ള പ്രതിസന്ധികൾ (Mid Day Meal Scheme Crisis) നീക്കണമെന്നും ആവശ്യപ്പെട്ട് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നാളെ വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. സെക്രട്ടറിയേറ്റിന് മുന്നിൽ ആരംഭിച്ച ത്രിദിന സത്യാഗ്രഹത്തിന്‍റെ സമാപനത്തോട് അനുബന്ധിച്ചാണ് പ്രതിഷേധ മാർച്ച്. ഉച്ചഭക്ഷണച്ചെലവിന്‍റെ കുടിശ്ശിക വിതരണം ചെയ്യുക, 9, 10 ക്ലാസുകളിലെ വിദ്യാർഥി അനുപാതം 1:40 ആക്കുക, സർക്കാർ പ്രൈമറി സ്‌കൂൾ ഹെഡ്‌മാസ്റ്റർമാരുടെ ശമ്പള സ്‌കെയിൽ വർധിപ്പിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ഉച്ചഭക്ഷണത്തോടോപ്പം നൽകുന്ന പോഷകാഹാര വിതരണത്തിന് സർക്കാർ ഒരു രൂപ പോലും അനുവദിക്കുന്നില്ല എന്നത് പ്രധാനാധ്യാപകരെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും സ്‌കൂൾ ഉച്ചഭക്ഷണ പരിപാടിയിലെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി സർക്കാർ സൃഷ്‌ടിച്ചതാണെന്നും കെ പി എസ് ടി എ (Kerala Pradesh School Teachers Association ) കുറ്റപ്പെടുത്തി. 2016ലെ വില നിലവാരമനുസരിച്ചുള്ള തുകയാണ് ഉച്ചഭക്ഷണ വിതരണത്തിന് ഇപ്പോൾ ലഭിക്കുന്നത്. ഇതും പ്രധാനാധ്യാപകരെ കടക്കെണിയിലേക്ക് തള്ളിവിടുന്നതിനുള്ള കാരണമാണ്. വിലക്കയറ്റം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഉച്ചഭക്ഷണ പരിപാടിയ്‌ക്കുളള ഫണ്ട് കാലാനുസൃതമായി വർധിപ്പിക്കണമെന്നും സമയബന്ധിതമായി ലഭ്യമാക്കണമെന്നും കെ പി എസ് ടി എ ആവശ്യപ്പെട്ടു.
കേന്ദ്രവിഹിതം ലഭിക്കത്തതിനാൽ സംസ്ഥാന വിഹിതവും നൽകാതെ പിടിച്ചു വച്ചിരിക്കുന്നെന്നാരോപിച്ച് അധ്യാപക സംഘടനയായ കെ പി എസ് ടി എ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ ഉടനടി ഫണ്ട് നൽകിയത്. ബാക്കി തുക 81.28 കോടി 14 ദിവസത്തിനുള്ളിൽ അനുവദിക്കുമെന്നും സർക്കാർ ഹൈക്കോടതിയിൽ വിശദീകരിച്ചു. സെപ്റ്റംബർ 30ന് കേസ് വീണ്ടും പരിഗണിക്കും.
പ്രതിസന്ധിക്ക് കാരണം കേന്ദ്ര നയം : സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ നേരിടുന്ന പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാർ നയങ്ങളാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞിരുന്നു. ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫ് (T. J. Saneesh Kumar Joseph) നൽകിയ ശ്രദ്ധ ക്ഷണിക്കൽ നോട്ടിസിൽ മറുപടിയായിട്ടായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം. ഉച്ചഭക്ഷണ പദ്ധതിക്ക് സർക്കാർ കൃത്യമായി ഫണ്ട് നൽകാത്തത് കാരണം പ്രധാന അധ്യാപകരെ വഴിയിൽ തടയുന്ന സാഹചര്യമാണെന്ന് ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫ് നിയമസഭയിൽ പറഞ്ഞിരുന്നു.
ഉച്ചഭക്ഷണത്തിനുള്ള തുക വർധിപ്പിക്കണമെന്നത് ദീർഘ നാളത്തെ ആവശ്യമാണ്. ഇക്കാര്യത്തിൽ സംസ്ഥാനവും കേന്ദ്രവും പരസ്‌പരം പഴി ചാരുകയാണെന്ന് സനീഷ് കുമാർ ജോസഫ് ആരോപിച്ചു. അതേസമയം, കേന്ദ്ര സർക്കാർ കൊണ്ടുവന്ന പബ്ലിക് ഫിനാൻഷ്യൽ പദ്ധതിയാണ് സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയെ ബാധിച്ചതെന്നായിരുന്നു മന്ത്രി ശിവൻകുട്ടിയുടെ മറുപടി.