തിരുവനന്തപുരം : എംപിയാകാന്‍ ഇനി താത്പര്യമില്ലെന്നും സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനാണ് ആഗ്രഹമെന്നുമുള്ള കേരളത്തിലെ കോണ്‍ഗ്രസ് എംപിമാരുടെ അഭിപ്രായ പ്രകടനത്തില്‍ ശക്തമായ താക്കീതുമായി കെപിസിസി എക്‌സിക്യുട്ടീവ് യോഗം. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്ന നിര്‍വാഹക സമിതി യോഗത്തിലാണ് ശശി തരൂര്‍, ടിഎന്‍ പ്രതാപന്‍ എന്നിവര്‍ പ്രകടിപ്പിച്ച പരസ്യമായ അഭിപ്രായ പ്രകടനത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നത്. എംപിമാര്‍ക്ക് മടുത്തെങ്കില്‍ മാറി നില്‍ക്കാമെന്നും എന്നാല്‍ ആരും സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിക്കരുതെന്നുമുള്ള പൊതു വികാരമാണ് യോഗത്തിലുണ്ടായത്.
എല്ലാവരുടെയും ശ്രദ്ധ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലായിരിക്കണമെന്ന് യോഗത്തില്‍ സംബന്ധിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്‍റണി പറഞ്ഞു. മത്സരിക്കാനില്ലെന്ന പരസ്യമായ അഭിപ്രായ പ്രകടനം തെറ്റായ സന്ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എംപിമാരെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനമെങ്കിലും ഇക്കാര്യം ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പ് യോഗത്തിലുയര്‍ന്നു.
ചിലര്‍ സ്വയം മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നതിനെയും യോഗത്തില്‍ പങ്കെടുത്തവര്‍ വിമര്‍ശിച്ചു. തനിക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാനാണ് ഇനി താത്പര്യമെന്നും മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്നുമുള്ള ശശി തരൂരിന്‍റെ പ്രഖ്യാപനം മുന്‍നിര്‍ത്തി അദ്ദേഹത്തിന്‍റെ പേരെടുത്ത് പറയാതെയുമായിരുന്നു വിമര്‍ശനം. അതിനിടെ മുഖ്യമന്ത്രി പദവി സംബന്ധിച്ച് ഇപ്പോഴേ ചര്‍ച്ച നടത്തേണ്ട കാര്യമില്ലെന്നും 2026 വരെ കാത്തിരിക്കാമെന്നും ഇന്ന് ശശിതരൂര്‍ നിലപാടുമാറ്റിയെങ്കിലും കേരളത്തില്‍ സജീവമാകാനാണ് താത്‌പര്യമെന്ന മുന്‍ നിലപാടില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയാണ്.