തിരുവനന്തപുരം: ബിജെപി പിടിമുറുക്കിയതോടെ സമാധാനപരമായി ജീവിച്ച മണിപ്പൂര്‍ ജനസമൂഹം അശാന്തിയിലേക്ക് നിലംപതിച്ചെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കേരളത്തിലേക്ക് ബിജെപി കടന്നുവന്നാൽ അത് മണിപ്പൂരിലേതിന് സമാനമായി വലിയ ദുരന്തത്തിന് വഴിയൊരുക്കുമെന്നും സുധാകരൻ വാർത്ത കുറിപ്പിൽ വ്യക്തമാക്കി. 25 വർഷം കൊണ്ട് മണിപ്പൂർ വലിയ വികസനം നേടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം ജലരേഖയായി മാറിയെന്നും സുധാകരൻ കുറ്റപ്പെടുത്തി.
കേരളത്തിന് ഇതിൽ നിന്ന് വലിയ പാഠം പഠിക്കാനുണ്ട്. മണിപ്പൂരിൽ നടക്കുന്ന കലാപങ്ങളിൽ പ്രതിഷേധിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്‌ച പന്തംകൊളുത്തി പ്രകടനം നടത്തുമെന്നും അദ്ദേഹം വാർത്ത കുറിപ്പിൽ അറിയിച്ചു. മണിപ്പൂരിൽ കലാപം നടക്കുന്നത് ബിജെപിയോട് ആഭിമുഖ്യമുള്ള മെയ്‌തേയ് വിഭാഗത്തിന്‍റെ നേതൃത്വത്തിലാണ്.
ആക്രമണങ്ങൾ നടക്കുന്നത് പൊലീസിന്‍റെയും ബിജെപി ഭരണകൂടത്തിന്‍റെയും പിന്തുണയോടെയാണ്. ഇതിനോടകം 54 പേര്‍ കൊല്ലപ്പെടുകയും പതിനായിരത്തോളം പേരെ സുരക്ഷിതയിടത്തേക്ക് മാറ്റി പാര്‍പ്പിക്കുകയും ചെയ്‌തു. ഈ പ്രതിഷേധങ്ങൾക്ക് കാരണം മെയ്‌തേയ് വിഭാഗത്തിന് പട്ടിക വര്‍ഗപദവിയും സംവരണവും നല്‍കാനുള്ള നീക്കമാണ്.
ആദിവാസി വിഭാഗത്തിന്‍റെ ഭൂമിയും ജോലിയും നഷ്‌ടപ്പെട്ട് അവരുടെ അടിവേരുതന്നെ പിഴുതെടുക്കുന്ന സാഹചര്യം ഉണ്ടാക്കുമെന്ന് അവര്‍ ഭയപ്പെടുകയാണ്. മണിപ്പൂരിലെ നിലവിലെ സ്ഥിതി സമീപ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും ബാധിക്കുമെന്ന് ആശങ്ക നിലനിൽക്കുകയാണ്. സമാധാനപരമായി ജീവിച്ച മണിപ്പൂര്‍ ജന സമൂഹമാണ് ബിജെപി പിടിമുറുക്കിയതോടെ അശാന്തിയിലേക്ക് നിലംപതിച്ചതെന്നും സുധാകരൻ കുറ്റപ്പെടുത്തി.
അതേസമയം മണിപ്പൂരിലെ ഇംഫാലില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ മരിച്ചവരുടെ എണ്ണം 54 ആയി ഉയർന്നു. ഷൂട്ട് അറ്റ് സൈറ്റ് ഓർഡർ പുറപ്പെടുവിച്ചതിന് പിന്നാലെ ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള കലാപം നിലവിൽ നിയന്ത്രണ വിധേയമായി. എന്നിരുന്നാലും കനത്ത സുരക്ഷയാണ് മേഖലയിൽ ഒരുക്കിയിരിക്കുന്നത്.
കലാപത്തെ തുടർന്നുണ്ടായ ആക്രമണങ്ങളിൽ മരിച്ച 54 പേരിൽ 16 പേരുടെ മൃതദേഹങ്ങൾ ചുരാചന്ദ്പൂർ ജില്ല ആശുപത്രിയിലെ മോർച്ചറിയിലും 15 മൃതദേഹങ്ങൾ ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും സൂക്ഷിച്ചിരിക്കുകയാണ്. ചികിത്സയിലിരിക്കെയാണ് 23 പേർ മരിച്ചത്.
കടകളും മാർക്കറ്റുകളും വീണ്ടും തുറക്കുകയും വാഹന ഗതാഗതം സാധാരണ ഗതിയിലേക്ക് എത്തുകയും ചെയ്‌തു. കൂടുതൽ സൈനികരെയും ദ്രുതകർമ സേനയേയും കേന്ദ്ര പൊലിസ് സേനകളെയും പ്രശ്‌ന ബാധിത പ്രദേശങ്ങളിൽ വിന്യസിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്‌ച മണിപ്പൂരിലെ സ്ഥിതിഗതികൾ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങുമായും ഉന്നത ഉദ്യോഗസ്ഥരുമായി അവലോകനം ചെയ്‌തു.
സമാധാനം നിലനിർത്താൻ അധിക സുരക്ഷ സേനയെ കലാപ പ്രദേശത്തേക്ക് അയക്കുമെന്നും അറിയിച്ചു. 1000ത്തോളം കേന്ദ്ര അർധ സൈനികർ വെള്ളിയാഴ്‌ച മണിപ്പൂരിൽ എത്തിയതായി വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാനത്ത് മൊബൈല്‍, ഇന്‍റര്‍നൈറ്റ് സേവനങ്ങള്‍ക്ക് നിരോധിച്ചു. മണിപ്പൂർ സർക്കാരിന്‍റെ അഭ്യർഥന മാനിച്ച് മണിപ്പൂരിലേക്കുള്ള മുഴുവന്‍ ട്രെയിൻ സർവീസുകളും നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേ റദ്ദാക്കി. സ്ഥിതി ഗതികള്‍ സാധാരണ നിലയിലാകാതെ ട്രെയിനുകളെ മണിപ്പൂരിലേക്ക് പ്രവേശിപ്പിക്കില്ലെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.