തിരുവനന്തപുരം: 2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നിലംപരിശായ കോണ്‍ഗ്രസ് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ എഐസിസി നിയോഗിച്ച കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ നെയ്യാര്‍ഡാം പ്രഖ്യാപനം അധികമാരും ഇന്ന് ഓര്‍ക്കുന്നുണ്ടാകില്ല. പാര്‍ട്ടി അടിമുടി സെമി കേഡറാകുകയും യൂണിറ്റ് തലം മുതല്‍ സംസ്ഥാനതലം വരെ പാര്‍ട്ടി ഭാരവാഹികള്‍ക്ക് ചുമതല കൃത്യമായി വീതിച്ചുനല്‍കുന്നതടക്കമുള്ള കെ സുധാകരന്‍റെ നെയ്യാര്‍ഡാം പ്രഖ്യാപനത്തെ ഉള്‍പ്പുളകത്തോടെയാണ് തോല്‍വിയുടെ ആഘാതത്തിലും അന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രവിച്ചത്.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട 14 ഡിസിസി പ്രസിഡന്‍റുമാര്‍ക്കായി നെയ്യാര്‍ഡാമിലെ രാജീവ് ഗാന്ധി സ്‌റ്റഡി സെന്‍ററില്‍ നടത്തിയ ദ്വിദിന സെമിനാറിന് ശേഷമായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആകെ പ്രതീക്ഷയുടെ കൊടുമുടിയേറ്റിയ ആ പ്രഖ്യാപനങ്ങള്‍ നെയ്യാര്‍ഡാമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുധാകരന്‍ പ്രഖ്യാപിച്ചത്. അന്ന് നടത്തിയ പ്രഖ്യാപനങ്ങളിലെ കോണ്‍ഗ്രസ് സിയുസി രൂപീകരണവും സെമി കേഡറിലേക്കുള്ള മാറ്റവും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്കുള്ള നിയന്ത്രണങ്ങളും ഒന്നും രണ്ടര വര്‍ഷം കഴിഞ്ഞിട്ടും നടപ്പാകാത്തതിനെ കുറിച്ച് എവിടെയും ചര്‍ച്ചയില്ലെങ്കിലും അന്ന് പ്രഖ്യാപിച്ച കെപിസിസി അവാര്‍ഡുകള്‍ ഇന്ന് പൊടുന്നനേ ചര്‍ച്ചയിലേക്ക് കടന്നുവന്നിട്ടുണ്ട്.
കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ഭാരവാഹികളായ പഴകുളം മധുവും ടി യു രാധാകൃഷ്‌ണനും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനമാണ് പാഴായ പഴയ അവാര്‍ഡ് പ്രഖ്യാപനം വീണ്ടും പൊടിതട്ടിയെടുക്കുന്നതിനിടയാക്കിയത്. കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ്, പ്രിയദര്‍ശിനിയുടെ പേരില്‍ ഒരു പുതിയ സാഹിത്യ അവാര്‍ഡ് പ്രഖ്യാപിക്കുന്നത് അറിയിക്കുന്നതിനായിരുന്നു വാര്‍ത്താസമ്മേളനം. പ്രഥമ അവാര്‍ഡ് മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ളതാണ്. ഒരു ലക്ഷം രൂപയുടെ അവാര്‍ഡ് ജേതാവിനെ കണ്ടെത്താന്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായ ജൂറിയെ പ്രഖ്യാപിച്ചതായും പഴകുളം മധുവും ടിയു രാധാകൃഷ്‌ണനും വ്യക്തമാക്കി. ഇതോടെ മുന്‍പ് നെയ്യാര്‍ഡാമില്‍ 2021 സെപ്‌റ്റംബര്‍ ഒമ്പതിന് കെപിസിസി പ്രസിഡന്‍റ് പ്രഖ്യാപിച്ച അവാര്‍ഡ് എവിടെയെന്ന് ചോദ്യമുയര്‍ന്നു.
കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്‍റെ പേരില്‍ മികച്ച സാഹിത്യ സൃഷ്ടിക്കും സാഹിത്യകാരന്‍മാര്‍ക്കും ഏര്‍പ്പെടുത്തിയ കെപിസിസിയുടെ സാഹിത്യ അവാര്‍ഡ്, കെഎം ചുമ്മാര്‍ സ്‌മാരക ചരിത്ര അവാര്‍ഡ്, സിപി ശ്രീധരന്‍ സ്മാരക പത്രപ്രവര്‍ത്തന അവാര്‍ഡ്, കുട്ടിമാളു അമ്മ സ്മാരക ജീവ കാരുണ്യ പ്രവര്‍ത്തന അവാര്‍ഡ് എന്നിവ ഏര്‍പ്പെടുത്തുമെന്ന കെ സുധാകരന്‍റെ നെയ്യാര്‍ഡാം പ്രഖ്യാപനത്തെ കുറിച്ചായിരുന്നു ചോദ്യം. വര്‍ഷം തോറും ഈ അവാര്‍ഡ് പ്രഖ്യാപിക്കുകയും ഇതിനായി എന്‍ട്രികള്‍ ക്ഷണിച്ച് വിദഗ്‌ധ ജൂറി അവാര്‍ഡ് ജേതാവിനെ കണ്ടെത്തുമെന്നും സുധാകരന്‍ പ്രഖ്യാപിച്ചിരുന്നു.
ഈ അവാര്‍ഡുകളെവിടെ എന്ന ചോദ്യത്തിന് ഏത് അവാര്‍ഡ്, എന്ത് വാര്‍ഡ് എന്നായിരുന്നു പഴകുളം മധുവിന്‍റെയും ടിയു രാധാകൃഷ്‌ണന്‍റെയും മറുചോദ്യം. അത്തരത്തില്‍ അവാര്‍ഡുകളൊന്നും കെപിസിസി പ്രഖ്യാപിച്ചിട്ടില്ലെന്നും അന്ന് ഡിസിസി പ്രസിഡന്‍റുമാരുടെ സമ്മേളനത്തിന്‍റെ ചര്‍ച്ചയില്‍ അക്കാര്യങ്ങള്‍ ഉയര്‍ന്നിരിക്കാമെന്നുമായി നേതാക്കള്‍. എന്നാല്‍ അന്നത്തെ കെപിസിസി പത്രക്കുറിപ്പിന്‍റെ തെളിവ് സഹിതം മാധ്യമപ്രവര്‍ത്തകര്‍ രംഗത്തുവന്നതോടെ ഇക്കാര്യം പരിശോധിക്കാമെന്നായി. അന്ന് നെയ്യാര്‍ഡാമില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ പൊടി പിടിച്ചപോലെ അവാര്‍ഡ് പ്രഖ്യാപനവും പൊടിപിടിക്കുമ്പോള്‍ മറ്റൊരു അവാര്‍ഡ് പ്രഖ്യാപനവുമായി കെപിസിസി രംഗത്ത് വരുന്നതിലെ വൈരുധ്യം വരും ദിവസങ്ങളില്‍ ചര്‍ച്ചയായേക്കും.