തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഭരണപ്രതീക്ഷയോടെ ചുവടുവയ്‌ക്കാനൊരുങ്ങുന്ന ഇന്ത്യ സഖ്യത്തിന് (INDIA Alliance) കേരളത്തില്‍ നിന്ന് പരമാവധി അംഗങ്ങളെ എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണയുമായി കെപിസിസി നേതൃയോഗങ്ങള്‍ (KPCC Leadership Meeting) നാളെ (ഒക്‌ടോബര്‍ 4) തുടങ്ങും. രാഷ്ട്രീയകാര്യ സമിതി യോഗത്തോടെയാണ് നേതൃയോഗങ്ങള്‍ ആരംഭിക്കുന്നത്. അടിത്തട്ടില്‍ പിടികൂടിയിരിക്കുന്ന ഗുരുതരമായ സംഘടന പ്രശ്‌നങ്ങളുടെ കുരുക്കഴിക്കാനുള്ള ചര്‍ച്ചകളാകും നാളത്തെ രാഷ്ട്രീയ കാര്യ സമിതിയോഗത്തില്‍ പ്രധാനമായും ഉയരുക.
തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനായുള്ള ഭവന സന്ദര്‍ശനം, കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കൊണ്ടുവന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പേരുമാറ്റി മോദി സര്‍ക്കാര്‍ സ്വന്തം പരിപാടിയായി അവതരിപ്പിക്കുന്നതിന്‍റെ പൊള്ളത്തരങ്ങള്‍ എന്നിവ ജനങ്ങള്‍ക്കിടയില്‍ തുറന്നുകാട്ടുന്നതിന് വേണ്ടിയുള്ള പരിപാടികള്‍ക്കാകും രാഷ്ട്രീയ കാര്യ സമിതി യോഗം പ്രധാനമായും രൂപം നല്‍കുക. കൂടാതെ, ബൂത്ത് തലം മുതല്‍ തന്നെ പാര്‍ട്ടിയെ ഊര്‍ജസ്വലമാക്കുന്നതിനൊപ്പം വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ വേണമെന്നുള്ള തീരുമാനവും യോഗത്തില്‍ സ്വീകരിക്കും.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റുമാരുടെ പുനഃസംഘടന വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനായുള്ള പിന്തുണ യോഗത്തില്‍ കെപിസിസി പ്രസിഡന്‍റ് അഭ്യര്‍ഥിക്കും. കൂടാതെ, ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിടയുള്ള മാര്‍ച്ച് - ഏപ്രില്‍ മാസം വരെ നീളുന്ന സമര - പ്രചാരണ പരിപാടികളുടെ കൃത്യമായ ടൈംടേബിളും യോഗത്തിലുണ്ടാകും. ടൈംംബിളില്‍ നിര്‍ദേശിക്കുന്ന കാര്യങ്ങളുടെ പുരോഗതി വിലയിരുത്താനുള്ള പ്രത്യേക സമിതിയും രൂപീകരിക്കും.
ഇന്ത്യ സഖ്യത്തിന്‍റെ ഏകോപന സമിതിയില്‍ പ്രതിനിധികളെ ഉള്‍പ്പെടുത്താത്ത സിപിഎം ദേശീയ തലത്തില്‍ ബിജെപിയെ സഹായിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത് എന്ന വാദമാകും കോണ്‍ഗ്രസ് കേരളത്തില്‍ ഉന്നയിക്കുക. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരളത്തില്‍ സിപിഎമ്മിനെ നേരിടാനുള്ള തന്ത്രങ്ങള്‍ക്കായിരിക്കും കോണ്‍ഗ്രസ് രൂപം നല്‍കുന്നത്.
രാഷ്ട്രീയകാര്യസമിതി യോഗം എടുക്കുന്ന നയപരമായ കാര്യങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ അഞ്ചാം തീയതി കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്‍റുമാരുടെയും യോഗം ചേരും. സഹകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും സമര പരിപാടികള്‍ക്ക് രൂപം നല്‍കാനും അടുത്ത ദിവസം സഹകാരികളുടെ യോഗം യുഡിഎഫ് വിളിച്ചിട്ടുണ്ട്.
പുതുപ്പള്ളി തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ ശോഭകെടുത്തുന്ന നടപടിയായിപ്പോയി വാര്‍ത്താസമ്മേളനത്തര്‍ക്കമെന്നും പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവും പ്രസിഡന്‍റും രണ്ട് തട്ടിലാണെന്ന സന്ദേശം അണികളിലേക്ക് എത്തുന്നത് തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്യുമെന്നും വാദങ്ങളുയരാം. ഇരുവരും ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കുന്ന നടപടികള്‍ ഉടന്‍ ഉണ്ടാകണമെന്നും യോഗത്തില്‍ ആവശ്യമുയരും.
രാഷ്‌ട്രീയകാര്യസമിതി പുനഃസംഘടിപ്പിക്കും: രാഷ്‌ട്രീയകാര്യസമിതി അംഗങ്ങളുടെ എണ്ണം കൂട്ടി ഉടച്ചുവാര്‍ക്കണമെന്ന ചിന്ത കോണ്‍ഗ്രസില്‍ ശക്തമാണ്. നിലവിലെ 21 അംഗ സമിതി 30 ആക്കി ഉയര്‍ത്തുക എന്ന പൊതുധാരണയില്‍ നേതാക്കള്‍ എത്തിയെന്നാണ് സൂചന. നിലവില്‍ 16 അംഗങ്ങള്‍ മാത്രമാണ് രാഷ്‌ട്രീയകാര്യ സമിതിയില്‍ ഉള്ളത്.
സമിതിയിലെ ഒഴിവുകള്‍ നികത്തി നിര്‍ജ്ജീവമായവരെ ഒഴിവാക്കണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. ഇരട്ടപ്പദവി വഹിക്കുന്നവരെ ഒഴിവാക്കണം എന്ന അഭിപ്രായമുണ്ടെങ്കിലും ഉന്നത നയ രൂപീകരണ സമിതിയുടെ കാര്യത്തില്‍ അത്തരമൊരു നിബന്ധന അനവസരത്തിലാകുമെന്ന ചിന്തയുമുണ്ട്.
മുന്‍ കെപിസിസി പ്രസിഡന്‍റുമാര്‍ എന്ന നിലയില്‍ വിഎം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും സമിതി അംഗങ്ങളാണെങ്കിലും ഇരുവരും സമിതി യോഗങ്ങളില്‍ സജീവമായി പങ്കെടുക്കാറില്ല. എന്നാല്‍ ഇവരുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനുള്ള ചുമതല ഹൈക്കമാന്‍ഡിന് വിടാനാണ് സാധ്യത. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പിടി തോമസ്, എംഐ ഷാനവാസ് എന്നിവര്‍ മരണമടഞ്ഞ ഒഴിവും പിസി ചാക്കോ, കെവി തോമസ് എന്നിവര്‍ പാര്‍ട്ടി വിട്ട ഒഴിവും കണക്കിലെടുത്താല്‍ നിലവില്‍ രാഷ്ട്രീയ കാര്യ സമിതിയില്‍ 16 അംഗങ്ങള്‍ മാത്രമാണുള്ളത്.
ഇത് 30 ആക്കി ഉയര്‍ത്തുന്നതോടെ പുതിയതായി 14 പേര്‍ രാഷ്‌ട്രീയകാര്യസമിതിയിലെത്തും. എംപി മാരായ ശശി തരൂര്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, എംകെ രാഘവന്‍, ആന്‍റോ ആന്‍റണി, അടൂര്‍ പ്രകാശ് എന്നിവര്‍ രാഷ്ട്രീയ കാര്യ സമിതിയിലെത്തുമെന്ന് സൂചനകളുണ്ട്. എന്നാല്‍, ഇത്രയും എംപിമാരെ ഒരുമിച്ച് സമിതിയിലേക്ക് എത്തിക്കണോയെന്ന ചോദ്യവും ഉയരുന്നുണ്ട്.
എപി അനില്‍കുമാര്‍, ശൂരനാട് രാജശേഖരന്‍, കെ മോഹന്‍കുമാര്‍, ഇഎം അഗസ്‌തി, അജയ് തറയില്‍, ജോസഫ് വാഴയ്ക്കന്‍, പന്തളം സുധാകരന്‍, എംഎല്‍എമാരായ സണ്ണി ജോസഫ്, റോജി എം ജോണ്‍ എന്നിവരാണ് സാധ്യത പട്ടികയിലുള്ളത്. വര്‍ക്കിങ് പ്രസിഡന്‍റായിരുന്ന പിടി തോമസ് അന്തരിച്ച ഒഴിവില്‍ കെസി ജോസഫ് വര്‍ക്കിങ് പ്രസിഡന്‍റായേക്കുമെങ്കിലും അദ്ദേഹത്തിന്‍റെ താത്പര്യം കൂടി ഇക്കാര്യത്തില്‍ കണക്കിലെടുക്കും.
കോട്ടയം പാര്‍ലമെന്‍റ് സീറ്റില്‍ മത്സരിക്കാന്‍ കെസി ജോസഫിന് താത്പര്യമുണ്ടെന്ന് സൂചനയുണ്ട്. കെപിസിസി ട്രഷററായി മാത്യു കുഴല്‍ നാടന്‍റെ കാര്യത്തിലും ഏകദേശ ധാരണയായിട്ടുണ്ടെന്നാണ് വിവരം.
സുധാകരനൊഴികെ സിറ്റിങ് എംപിമാര്‍ കളത്തിലിറങ്ങും : വരുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ഒഴികെയുള്ള മുഴുവന്‍ സീറ്റിലും കോണ്‍ഗ്രസിന്‍റെ സിറ്റിങ് എംപിമാര്‍ തന്നെ മത്സരിച്ചേക്കും. കെപിസിസി പ്രസിഡന്‍റ് സ്ഥാനം വഹിച്ചുകൊണ്ട് മത്സരിക്കാന്‍ താത്പര്യമില്ലെന്ന് കെ സുധാകരന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. വടകരയില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞിരുന്ന കെ മുരളീധരന്‍ തീരുമാനം മാറ്റി രംഗത്തെത്തിയിട്ടുണ്ട്. ഹൈക്കമാന്‍ഡിന്‍റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് മുരളീധരന്‍ നിലപാട് മാറ്റിയത്. ഇതോടെ 14 സീറ്റിലും സിറ്റിങ് എംപിമാരായിരിക്കും മത്സരരംഗത്ത് ഉണ്ടാവുക എന്ന് വ്യക്തമായിട്ടുണ്ട്.