തിരുവനന്തപുരം: പുനഃസംഘടനയ്ക്ക് ശേഷമുള്ള കെ.പി.സി.സിയുടെ ആദ്യ ഭാരവാഹി യോഗം തിരുവനന്തപുരത്ത് തുടങ്ങി. മുതിർന്ന നേതാവും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായി എ.കെ ആന്റണി യോഗം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രവർത്തക സമിതി അംഗങ്ങളായ കെ.സി വേണുഗോപാൽ, ഉമ്മൻ ചാണ്ടി തുടങ്ങിയ നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ്, ജനുവരി 30ന് നടക്കുന്ന മനുഷ്യ ഭൂപടം പരിപാടി എന്നിവയുടെ മുന്നൊരുക്കങ്ങളും യോഗത്തിൽ ചർച്ചയാകും. പുതിയ ഭാരവാഹികൾക്ക് ചുമതലകൾ നൽകുന്ന കാര്യത്തിലും തീരുമാനമുണ്ടാകും. അതേസമയം പുതിയ ഭാരവാഹി പട്ടികയ്ക്കെതിരെ കെ.മുരളീധരനടക്കമുള്ള നേതാക്കൾ വിമർശനമുന്നയിച്ച സാഹചര്യത്തില്‍ ഇതിനെതിരെയുള്ള അഭിപ്രായങ്ങളും യോഗത്തില്‍ ഉയരാനാണ് സാധ്യത.