തിരുവനന്തപുരം: കെപിസിസി എക്‌സിക്യൂട്ടീവ് യോഗം പുരോഗമിക്കുന്നു. തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്ത് വച്ചാണ് യോഗം (KPCC executive meeting in progress Thiruvananthapuram). കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കേരളത്തിന്‍റെ ചുമതല വഹിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി, ശശി തരൂർ എംപി, എകെ ആന്‍റണി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ള മുതിർന്ന നേതാക്കളും പങ്കെടുക്കുന്നുണ്ട്.
കെ സുധാകരൻ ചികിത്സയ്‌ക്കായി നാളെ അമേരിക്കയിലേക്ക് പോകാനിരിക്കെയാണ് യോഗം. അയോധ്യയിലെ രാമ ക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിൽ പാർട്ടി പ്രതിനിധി പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ഉൾപ്പടെ യോഗത്തിൽ ചർച്ചയാകാനാണ് സാധ്യത. അതേസമയം യോഗത്തിന്‍റെ പ്രധാന അജണ്ട സർക്കാരിനെതിരായ തുടർ സമരങ്ങൾ ചർച്ച ചെയ്യുകയാണ്.
40 മണ്ഡലം പ്രസിഡന്‍റുമാരുടെ രണ്ടാംഘട്ട പട്ടികയെച്ചൊല്ലി വിവിധ കോണുകളിൽ ഭിന്നത ഉയർന്നിരുന്നു. ഇതടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകുമെന്നാണ് വിവരം. ജനുവരി ഏഴിന് വണ്ടിപ്പെരിയാറിൽ കെപിസിസി സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്‌മ സംബന്ധിച്ച ചർച്ചകളും നടക്കും. സുധാകരൻ്റെ അഭാവത്തിൽ പകരം ചുമതല നൽകണമെന്ന ആവശ്യവും യോഗത്തിൽ ഉയരാൻ സാധ്യതയുണ്ട്.