തിരുവനന്തപുരം: പുനഃസംഘടനയ്‌ക്കുള്ള സമയപരിധി നീട്ടിയും പുതുക്കിയും അസ്വസ്ഥത പുകയുന്ന സംസ്ഥാന കോണ്‍ഗ്രസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന് താക്കീതുമായി കെപിസിസി മറ്റൊരു വിവാദത്തിന് കൂടി തുടക്കമിട്ടിരിക്കുകയാണ്. കെപിസിസി മുന്‍ പ്രസിഡന്‍റ് എന്ന നിലയില്‍ മാത്രമല്ല സംസ്ഥാന കോണ്‍ഗ്രസിലെ ശ്രദ്ധേയമായ ശബ്‌ദമായി പൊതു സ്വീകാര്യതയുള്ള മുരളീധരനെ ലക്ഷ്യം വയ്ക്കുന്നതിലൂടെ പാര്‍ട്ടിയില്‍ സുധാകരനും സതീശനും മുകളില്‍ ആരും പാടില്ലെന്ന ശക്തമായ സന്ദേശമാണ് സംസ്ഥാന നേതൃത്വം നല്‍കുന്നത്. എന്നാല്‍ ഇതിനു പിന്നില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്‍റെ ശക്തമായ ഇടപെടലുണ്ടെന്ന സൂചനകളും പുറത്തുവരുന്നു.
'ഒരുമുഴം മുമ്പേ' നീട്ടിയെറിഞ്ഞ്: എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു പരാജയപ്പെട്ടെങ്കിലും അന്നത്തെ ശക്തമായ പോരാട്ടത്തിന്‍റെ ആനുകൂല്യം ശശി തരൂരിന് ലഭിച്ചത് അദ്ദേഹത്തിന്‍റെ സ്വന്തം സംസ്ഥാനത്തായിരുന്നു. പിന്നാലെ കേരളത്തിലങ്ങോളമിങ്ങോളമുള്ള മത സാമുദായിക നേതാക്കള്‍ ശശി തരൂരിനെ ക്ഷണിച്ചുവരുത്തിയത് അന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തെ വല്ലാതെ അസ്വസ്ഥമാക്കിയിരുന്നു.
അന്ന് തരൂരിന് പരസ്യ പിന്തുണയുമായി കോഴിക്കോട് എംപി എം.കെ രാഘവനും പരോക്ഷ പിന്തുണയുമായി കെ.മുരളീധരനും രംഗത്തെത്തിയിരുന്നു. ഇത് മനസിലാക്കിയ കോണ്‍ഗ്രസ് നേതൃത്വം ഇരുവര്‍ക്കുമെതിരെ അവസരം കാത്തിരിക്കുകയായിരുന്നു. അതാണിപ്പോള്‍ പാര്‍ട്ടിയെ വിമര്‍ശിച്ചു എന്ന പേരില്‍ എം.കെ രാഘവന് താക്കീതും രാഘവനെ പിന്തുണച്ചതിന്‍റെ പേരില്‍ കെ.മുരളീധരന് മുന്നറിയിപ്പുമായി ഇരുവര്‍ക്കും നേരെ നീണ്ടിരിക്കുന്നത്. ഏതായാലും ഇരുനേതാക്കളുെടയും പൊതുസ്വഭാവം പരിഗണിക്കുമ്പോള്‍ താക്കീതും മുന്നറിയിപ്പുമൊക്കെ അവര്‍ക്കു മുന്നില്‍ പ്രത്യേകിച്ച് കെ.മുരളീധരനു മുന്നില്‍ വിലപ്പോകുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥ പ്രശ്‌നം ഇവിടെയൊന്നുമല്ല.
വെട്ടിയൊതുക്കിയാല്‍ അടങ്ങുമോ: സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസിഡന്‍റായിരുന്ന സമയത്തേതിലും മോശമായ അവസ്ഥയിലാണ് മുന്നോട്ടുപോകുന്നത്. ബൂത്ത് തലങ്ങളില്‍ പാര്‍ട്ടി അങ്ങേയറ്റം നിര്‍ജീവമാണ്. ഇതിനിടയിലാണ് പുനഃസംഘടന കൂടി കടന്നുവരുന്നത്. പുനഃസംഘടനയാകട്ടെ മറ്റുള്ളവരുടെ ചിറകരിയുന്നതിനുള്ള അവസരമാക്കി സുധാകരനും സതീശനും എടുത്തതോടെ പാര്‍ട്ടിയില്‍ അമര്‍ഷം നീറി പുകയുകയാണ്. രമേശ് ചെന്നിത്തല പോലും ഇക്കാര്യത്തില്‍ പരസ്യമായ അതൃപ്തി രേഖപ്പെടുത്തിക്കഴിഞ്ഞു. പഴയ എ, ഐ ഗ്രൂപ്പുകളുടെ പ്രസക്തി ഏറെക്കുറെ അപ്രസക്തമായെങ്കിലും സുധാകരനെയും സതീശനെയും മുന്നില്‍ നിര്‍ത്തി കെ.സി വേണുഗോപാല്‍ നടത്തുന്ന ഗ്രൂപ്പ് കളിക്കെതിരെ മറ്റൊരു ശക്തമായ ബദല്‍ ഗ്രൂപ്പ് എന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ഏറെ നാളായി ഉയരുകയാണ്. ഈ അവസരം മുന്നില്‍കണ്ട് അസംതൃപ്തരെയും സമാന മനസ്‌കരെയും ഒരു കുടക്കീഴിലാക്കാനുള്ള ശ്രമങ്ങളാണ് തരൂരും മുരളീധരനും നടത്തുന്നത്.
ലക്ഷ്യം മുഖ്യമന്ത്രി കസേരയോ? മുരളിയുടെ താഴെ തട്ടുവരെയുള്ള സ്വാധീനവും ശശി തരൂരിന്‍റെ മികച്ച പ്രതിച്ഛായയും പ്രത്യേകിച്ചും യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയിലെ സ്വാധീനവും ചേരുമ്പോള്‍ പാര്‍ട്ടിയില്‍ മുരളിയും തരൂരൂം ഒന്നിച്ചാലുണ്ടാകുന്ന അപകടം മുഖ്യമന്ത്രി സ്ഥാനം വരെ കണ്ണുവയ്ക്കുന്ന കെ.സി വേണുഗോപാല്‍ തിരിച്ചറിയുന്നുണ്ട്.
എഐസിസി സംഘടന ചുമതലയുണ്ടെന്ന് പറയുമ്പോഴും കേരളത്തിലെ താഴെ തട്ടില്‍ തീര്‍ത്തും സ്വാധീനമില്ലാത്ത നേതാവാണ് വേണുഗോപാല്‍. ഇക്കാര്യം തിരിച്ചറിയുന്ന വേണുഗോപാല്‍ സതീശനിലൂടെയും സുധാകരനിലൂടെയും പാര്‍ട്ടിയില്‍ താഴെ തട്ടില്‍ അംഗീകാരം നേടിയെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അതിനിടയില്‍ ശശി തരൂരും മുരളിയും തങ്ങളുടേതായ പദ്ധതിയുമായി മുന്നോട്ടുവന്നാല്‍ തന്‍റെ പദ്ധതികള്‍ പൊളിയുമെന്ന് വേണുഗോപാലിനറിയാം. അതിനാണ് ഇപ്പോള്‍ അച്ചടക്കത്തിന്‍റെ വാള്‍ മുരളിക്കും രാഘവനിലൂടെ തരൂരിനും നേരെ വീശുന്നത്. എന്തായാലും അവസരം മുതലെടുക്കാനുള്ളതാണെന്ന് മറ്റാരെക്കാളും തിരിച്ചറിവുള്ള തരൂര്‍ അങ്ങനെ പിന്‍വാങ്ങുമെന്ന് കരുതാനുമാകില്ല.
അണിയറയില്‍ ഒരുങ്ങുന്നതെന്ത്: എഐസിസി തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തില്‍ തന്‍റെ സ്‌നേഹം തരൂരിനും വോട്ട് ഖാര്‍ഗെയ്ക്കും എന്ന പരസ്യ നിലപാട് സ്വീകരിച്ച് തരൂരിന് പ്രശംസ ചൊരിഞ്ഞയാള്‍ കൂടിയാണ് മുരളീധരന്‍ എന്നതും പ്രസക്തമാണ്. ശിഥിലമായിരിക്കുന്ന എ, ഐ ഗ്രൂപ്പുകള്‍ക്ക് ഇനിയൊരു പുനര്‍ജീവനത്തിന് സാധ്യതയില്ലാത്ത സാഹചര്യത്തില്‍ തരൂരും മുരളിയും ചേര്‍ന്ന് പുതിയൊരു ഗ്രൂപ്പ് രൂപീകരിച്ചാല്‍ അതിനു പാര്‍ട്ടിയില്‍ ലഭിക്കാനിടയുള്ള സ്വാധീനത്തിന്‍റെ വ്യാപ്തിയും ചെറുതല്ല. ഇതെല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍ കെ.സി വേണുഗോപാലിന്‍റെ ചരടുവലികള്‍ അങ്ങനെയങ്ങ് കേരളത്തില്‍ പ്രാവര്‍ത്തികമാകുമോ എന്ന സംശയം മാത്രമല്ല, അതിനും അപ്പുറത്തെ കളികള്‍ക്കാണ് തരൂരും മുരളീധരനും തയ്യാറെടുക്കുന്നത് എന്നതു സംബന്ധിച്ച വ്യക്തമായ സൂചനകളാണ് പുറത്തുവരുന്നത്.