തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവത്തിലെ വിവാദങ്ങൾ വർഗീയ അജണ്ട നടപ്പിലാക്കാനുള്ള ഇടത് നീക്കത്തിന്‍റെ ഭാഗമെന്ന് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ്. വിവാദങ്ങളുണ്ടാക്കി അതിൽനിന്ന് മുതലെടുപ്പ് നടത്താനാണ് സർക്കാരിന്‍റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനെതിരായ ആരോപണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്‍പില്‍ ഇന്ന് യുഡിഎഫ് ധര്‍ണയില്‍ സംസാരിക്കവെയാണ് വിമര്‍ശനം.
കലോത്സവത്തിലെ സ്വാഗതഗാന ആവിഷ്‌കാരം സംഘാടകസമിതി അടക്കം പല ഘട്ടത്തിൽ പരിശോധന നടത്തിയ ശേഷമാണ് അവതരിപ്പിച്ചത്. ഒന്നും അറിഞ്ഞില്ല എന്ന സർക്കാറിന്‍റെ നിലപാട് ശരിയല്ല. വർഗീയ അജണ്ട നടപ്പാക്കാനാണ് ശ്രമിക്കുന്നത്. അതിന്‍റെ ഭാഗമായാണ് ഭക്ഷണ വിവാദമുണ്ടാക്കിയത്. അടുത്തവർഷം മുതൽ മാംസാഹാരം വിളമ്പും എന്ന് മന്ത്രി ഉടൻ തന്നെ പറയുകയും ചെയ്‌തു.
വർഷങ്ങളായുള്ള രീതി ഇപ്പോൾ മാറ്റേണ്ടണ്ട കാര്യമില്ല. ഇത്തരത്തിൽ വർഗീയ ചേരിതിരിവുകളെ യുഡിഎഫ് എതിർക്കും. യുഡിഎഫ് ഐക്യത്തോടെ മുന്നോട്ട് പോവുന്നതുകൊണ്ടാണ് അതിനെ ദുർബലപ്പെടുത്താൻ സിപിഎം നീക്കം നടത്തുന്നത്. ഇതിനാണ് ഇടയ്ക്കിടയ്ക്ക് ലീഗിനെ ക്ഷണിക്കുന്നത്. അങ്ങനെ ഉടുതുണി മാറുന്നതുപോലെ മുന്നണി മാറുന്ന പാർട്ടിയല്ല മുസ്‌ലിം ലീഗെന്നും കെപിഎ മജീദ് പറഞ്ഞു.