തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് രാജി വെച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി അനിൽകുമാർ എകെജി സെന്‍ററിൽ എത്തി കോടിയേരി ബാലകൃഷ്‌ണനുമായി കൂടിക്കാഴ്ച നടത്തി. പാർട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ച വാർത്ത സമ്മേളനത്തിന് ശേഷം നേരെ എകെജി സെൻ്ററിലേക്കാണ് അനിൽകുമാർ എത്തിയത്.
നേരത്തെ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്ന പി.എസ് പ്രശാന്തിനൊപ്പമായിരുന്നു എകെജി സെന്‍ററിലേക്ക് അനിൽ കുമാർ എത്തിയത്.
ഹൃദ്യമായ സ്വീകരണമാണ് അനിൽകുമാറിന് എകെജി സെന്‍ററിൽ നൽകിയത്. പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ അനിൽ കുമാറിനെ ചുവന്ന ഷാളണിയിച്ച് സ്വീകരിച്ചു. മുതിർന്ന നേതാക്കളായ എസ്.രാമചന്ദ്രൻ പിള്ള, എം.എ ബേബി, ആനത്തലവട്ടം ആനന്ദൻ എന്നിവരും അനിൽ കുമാറിനെ സ്വീകരിച്ചു.
ആദ്യമായാണ് എകെജി സെന്‍ററിൽ എത്തുന്നതെന്നും, പ്രതീക്ഷയുണ്ട് എന്നുമായിരുന്നു അനിൽകുമാറിൻ്റെ പ്രതികരണം. കോൺഗ്രസിലെ ഏകാധിപത്യ പ്രവണതയോട് കലഹിച്ചാണ് അനിൽകുമാർ സിപിഎമ്മിൽ എത്തുന്നതെന്ന് കോടിയേരി പറഞ്ഞു.
ഉപാധികളില്ലാതെയാണ് അനിൽകുമാർ എത്തിയിരിക്കുന്നത് അതുകൊണ്ടുതന്നെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. കെ.പി.സി.സിയുടെ താക്കോൽ സൂക്ഷിച്ചിരുന്ന സുപ്രധാന പദവിയിലുണ്ടായിരുന്ന ആളാണ് പാർട്ടി വിടുന്നത്. പുതിയ നേതൃത്വം എത്തിയതോടെ പ്രശ്‌നങ്ങൾ അവസാനിച്ചുവെന്നാണ് കോൺഗ്രസ് നേതാക്കൾ പറഞ്ഞത്. എന്നാൽ ഇപ്പോൾ കോൺഗ്രസിൽ ഉരുൾപൊട്ടൽ പോലെയാണ് പ്രശ്‌നങ്ങളൊന്നും കോടിയേരി പരിഹസിച്ചു.