തിരുവനന്തപുരം: ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്ന സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍ ആഭ്യന്തര-ടൂറിസം മന്ത്രിയുമായ കോടിയേരി ബാലകൃഷ്‌ണന്‍ വിദഗ്‌ധ ചികിത്സയ്‌ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍. സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് ഞായറാഴ്‌ച(28.08.2022) ഒഴിവായതിന് പിന്നാലെയാണ് തൊട്ടടുത്ത ദിവസം അദ്ദേഹത്തെ വിദഗ്‌ധ ചികിത്സയ്‌ക്കായി കൊണ്ടു പോയത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം കഴിഞ്ഞ ഏതാനും നാളുകളായി കടുത്ത ബുദ്ധിമുട്ടനുഭവിക്കുന്ന കോടിയേരിക്ക് വിദഗ്‌ധ ചികിത്സ ലഭ്യമാക്കാന്‍ സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു.
ഇതിന്‍റെ ഭാഗമായി അപ്പോളോ ആശുപത്രിയിലെ വിദഗ്‌ധ സംഘം ഞായറാഴ്‌ച തിരുവനന്തപുരത്ത് എത്തിയിരുന്നു. ചെന്നൈയിലേക്ക് കോടിയേരിയെ കൊണ്ടു പോകുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ഇന്ന്(29.08.2022) രാവിലെ കോടിയേരിയെ സന്ദര്‍ശിച്ചിരുന്നു. കോടിയേരി താമസിക്കുന്ന എ.കെ.ജി സെന്‍ററിന് എതിര്‍ വശത്തുള്ള ചിന്ത ഫ്‌ളാറ്റിലെത്തിയായിരുന്നു സന്ദര്‍ശനം.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, മന്ത്രിമാര്‍, സി.പി.എം നേതാക്കള്‍ എന്നിവരും കോടിയേരിയെ സന്ദര്‍ശിക്കാനെത്തി. 10.55നുള്ള വിമാനത്തില്‍ കോടിയേരി ചെന്നൈയിലേക്ക് പോയി. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ഞായറാഴ്‌ച ഒഴിയുകയും പകരം എം.വി.ഗോവിന്ദന്‍ പുതിയ സംസ്ഥാന സെക്രട്ടറിയാകുകയുമായിരുന്നു.