തിരുവനന്തപുരം: പ്രതിപക്ഷം ആസൂത്രിതമായ അക്രമ സമരം നടത്തി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇതിനായി ഗുണ്ടകളെ ബിജെപിയും കോൺഗ്രസും റിക്രൂട്ട് ചെയ്യുകയാണ്. തിരുവനന്തപുരത്ത് അക്രമ സമരത്തിനായി കോൺഗ്രസ് നേതാവ് ഗുണ്ടകളെ ഏകോപിപ്പിച്ചിരുന്നു. യുഡിഎഫ് സമരത്തിന് ഇറങ്ങുന്നത് ഭാവിയെകുറിച്ചുള്ള ആശങ്ക കൊണ്ടാണ്. തുടർ ഭരണം ഉണ്ടാകുമെന്ന ഭയത്തിലാണ് സമര പ്രചരണ കോലാഹലങ്ങൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോർപ്പറേറ്റുകൾ ഇതിനായി സഹായം ചെയ്യുകയാണ്. പൊലീസിനെ ആക്രമിച്ച് കൊന്ന് വെടിവെപ്പ് നടത്തി കേരളത്തെ ചോരയിൽ മുക്കാനാണ് ശ്രമം. ഇടതു സർക്കാരിനെ എങ്ങനേയും താഴെയിറക്കുകയാണ് ലക്ഷ്യം. ഇതിനായി കള്ളകഥ പ്രചരിപ്പിക്കുകയാണ്. വിമോചന സമരത്തെ അനുസ്മരിപ്പിക്കുന്ന സമരമാണ് നടക്കുന്നത്. സ്വർണക്കടത്ത് ബിജെപി നേതൃത്വത്തിലേക്ക് എത്തുന്നത് തടയാനാണ് ആരോപണം തിരിച്ചുവിടുന്നത്. ജലീലിന് നോട്ടീസ് നൽകിയത് സാക്ഷിയായി വിവരങ്ങൾ ചോദിച്ചറിയാനാണെന്നും അതുകൊണ്ട് തന്നെ രാജിയുടെ ആവശ്യമില്ലെന്നും കോടീയേരി പറഞ്ഞു.