തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിൽ നിന്ന് ഐഫോൺ സമ്മാനമായി വാങ്ങിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നടപടി പ്രോട്ടോക്കോൾ ലംഘനമാണെന്നും ഇക്കാര്യത്തിൽ അദ്ദേഹം വ്യക്തത വരുത്തണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സ്വപ്‌ന സുരേഷിന്‍റെ ആവശ്യപ്രകാരം അഞ്ച് മൊബൈൽ ഫോണുകൾ വാങ്ങി നൽകിയതായി യൂണിടാക് എംഡി സന്തോഷ് ഈപ്പൻ ഹൈക്കോടതിയിലാണ് സത്യവാങ്ങ് മൂലം നൽകിയിരിക്കുന്നത്. ഇക്കാര്യം ഇപ്പോൾ കോടതിയുടെ പരിഗണനയിലുണ്ട്.
പ്രതിപക്ഷ നേതാവ് ഹൈക്കോടതിയിൽ പോയി ഇക്കാര്യത്തിൽ വ്യക്തത വരുത്തണം. മന്ത്രി കെ.ടി ജലീലിന്‍റെ കാര്യത്തിൽ പ്രതിപക്ഷനേതാവ് പറഞ്ഞ കാര്യം ഇപ്പോൾ അദ്ദേഹത്തിനും ബാധകമാണ്. ഇതേ കാര്യത്തിനാണ് ജലീലിനെ വേട്ടയാടിയത്. കൊടുത്താൽ കൊല്ലത്തും കിട്ടും. ഇതുതന്നെയാണ് ഇപ്പോൾ നടക്കുന്നത്. ഇതിന്‍റെ പേരിൽ ആരോപണങ്ങളും പ്രശ്‌നങ്ങളും ഉന്നയിച്ച് പുകമറ സൃഷ്‌ടിക്കാൻ സിപിഎം ഉദ്ദേശിക്കുന്നില്ല. പ്രതിപക്ഷ നേതൃസ്ഥാനം രമേശ് ചെന്നിത്തല രാജിവെക്കണമെന്നും സിപിഎം ആവശ്യപ്പെടില്ല. അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നതാണ് നല്ലതെന്നാണ് സിപിഎം കരുതുന്നതെന്നും കോടിയേരി പറഞ്ഞു.