തിരുവനന്തപുരം: നോളജ് എക്കോണമി മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് എല്‍ഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാല്‍. 350 കോടി രൂപ ചെലവില്‍ ജില്ല സ്കില്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും. ഇവയില്‍ ഭാവി സംരംഭകര്‍ക്ക് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് ആദ്യ അഞ്ച് വര്‍ഷത്തേക്ക് സബ്സിഡിയും മറ്റ് സൗകര്യങ്ങളും ബജറ്റില്‍ പ്രഖ്യാപിച്ചു. 140 കോടി രൂപ ചെലവില്‍ എല്ലാ നിയമസഭ മണ്ഡലങ്ങളിലും സ്കില്‍ കോഴ്‌സുകള്‍ ആരംഭിക്കും.
മെഡിക്കല്‍ സംരംഭക എക്കോ സിസ്റ്റം സൃഷ്ടിക്കുന്നതിനായി മെഡിക്കല്‍ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ കോര്‍ത്തിണക്കി 100 കോടി രൂപ ചെലവില്‍ തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്ക് സ്ഥാപിക്കും. ആരോഗ്യ സംരക്ഷണം, ജനിതക വൈകല്യങ്ങളുടെ പഠനം, പ്രാഥമിക മേഖലയുടെ ഉത്നപാദന ക്ഷമത മെച്ചപ്പെടുത്തല്‍, മെഡിക്കല്‍, കാര്‍ഷിക, കന്നുകാലി മേഖലയുമായി ബന്ധപ്പെട്ട് 500 കോടി രൂപ ചെലവില്‍ കേരള ജനോമിക് ഡേറ്റാ സെന്‍റര്‍. ന്യൂട്രാസ്യൂട്ടിക്കല്‍സില്‍ സെന്‍റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപിക്കുന്നതിന് തുടക്കം കുറിയ്ക്കും എന്നിവ ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങളാണ്.
1000 കോടി രൂപ ചെലവില്‍ 4 സയന്‍സ് പാര്‍ക്കുകള്‍. കൊല്ലത്തും കണ്ണൂരും പുതിയ ഐ.ടി പാര്‍ക്കുകള്‍, കൂടാതെ ദേശീയ പാത 66-ന് സമാന്തരമായി 4 ഐ.ടി ഇടനാഴികള്‍. അന്‍പതിനായിരം മുതല്‍ രണ്ട് ലക്ഷം വരെ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 20 പുതിയ മൈക്രോ ഐ.ടി പാര്‍ക്കുകള്‍. 50 കോടി രൂപ ചെലവില്‍ അഭ്യസ്തവിദ്യരായ വീട്ടമ്മമാരുള്‍പ്പടെ ഐ.ടി തൊഴിലുകളുടെ ഭാഗമാകാന്‍ കഴിയുന്ന ഐ.ടി അധിഷ്ഠിത സൗകര്യങ്ങളുള്ള ‘വര്‍ക്ക് നിയര്‍ ഹോം’ പദ്ധതി. വ്യാവസായിക വളര്‍ച്ച ഗണ്യമായി വര്‍ധിപ്പിക്കുന്നതിനുള്ള ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റേഷന്‍ പാര്‍ക്കുകളും സ്വകാര്യ വ്യവസായ പാര്‍ക്കുകളും സ്ഥാപിക്കും.
കാര്‍ഷിക വിഭവങ്ങളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കാന്‍ സിയാല്‍ മാതൃകയില്‍ മൂല്യവര്‍ദ്ധിത കാര്‍ഷിക മിഷന്‍. മൂല്യവര്‍ദ്ധിത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കുള്ള ബള്‍ക്ക് ടെട്രാ പാക്കിംഗ്, പരിശോധനാ സര്‍ട്ടിഫിക്കേഷന്‍ മുതലായവയ്ക്ക് 175 കോടി രൂപ ചെലവില്‍ അഗ്രിടെക് ഫെസിലിറ്റി കേന്ദ്രങ്ങള്‍. കേരളത്തിന്റെ തനതായ ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദി പ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനും 100 കോടി രൂപ ചെലവില്‍ 10 മിനി ഫുഡ് പാര്‍ക്കുകള്‍ എന്നിവയും രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റിലെ നിർണായക പ്രഖ്യാപനങ്ങളാണ്.
2050 ഓടെ നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍
ആദിത്യ മാതൃകയില്‍ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 50 ശതമാനം ഫെറി ബോട്ടുകളും സോളാര്‍ എനര്‍ജിയിലാക്കും. കേരളത്തിലെ വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിനായി ഉപഭോക്താക്കള്‍ക്ക് 500 കോടി രൂപയുടെ വായ്പ. 2023-24 സാമ്പത്തികവര്‍ഷം മുതല്‍ ബജറ്റിനോടൊപ്പം പാരിസ്ഥിതിക ചെലവ് വിവരങ്ങളടങ്ങിയ ബജറ്റ് അവതരിപ്പിക്കും എന്നിവ 'പരിസ്ഥിതി ബജറ്റ്' എന്ന പ്രഖ്യാപനത്തെ സാധൂകരിക്കുന്നതാണ്.
നെല്ലിന് താങ്ങുവില 28.2 രൂപയായി ഉയര്‍ത്തും
മനുഷ്യ-വന്യമൃഗ സംഘര്‍ഷങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്കും ജീവഹാനി സംഭവിക്കുന്നവര്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിനായി 7 കോടി രൂപ. രണ്ടാം കുട്ടനാട് പാക്കേജിനായി 140 കോടി രൂപ. ഇടുക്കി, വയനാട്, കാസര്‍ഗോഡ് പാക്കേജുകള്‍ക്കായി 75 കോടി രൂപ വീതം. ശബരിമല മാസ്റ്റര്‍ പ്ലാനിനായി 30 കോടി രൂപ.
സ്റ്റാർട്ട് അപ്പുകൾക്ക് സഹായം
കെ.എസ്.ഐ.ഡി.സിയുടെ മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതിയുടെ കീഴില്‍ 100 സ്റ്റാര്‍ട്ടപ്പുകള്‍ക്കും MSME-കള്‍ക്കും 2 കോടി രൂപ സാമ്പത്തിക സഹായം. ഐ.ടി മേഖലയ്ക്ക് 559 കോടി രൂപ. സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തില്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി സംസ്ഥാനത്തുടനീളം 2000 വൈ-ഫൈ ഹോട്ട് സ്പോട്ടുകള്‍. സ്റ്റാര്‍ട്ട് അപ്പ് ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി സര്‍ക്കാര്‍ വകുപ്പുകളിലെ വാങ്ങലുകളില്‍ മുന്‍ഗണന. ഇതിനായി വെബ് പോര്‍ട്ടല്‍.
ശ്രദ്ധേയ പ്രഖ്യാപനങ്ങൾ
കാന്‍സര്‍ കെയര്‍ സ്യൂട്ട് എന്ന പേരില്‍ കാന്‍സര്‍ രോഗികളുടെയും ബോണ്‍മാരോ ഡോണര്‍മാരുടെയും വിവരങ്ങളും സമഗ്ര കാന്‍സര്‍ നിയന്ത്രണ തന്ത്രങ്ങളും ഉള്‍പ്പെടുത്തിയ സോഫ്റ്റ് വെയര്‍ വികസിപ്പിക്കും. അതി ദാരിദ്ര്യ ലഘൂകരണ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി രൂപ.
അതിഥി തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യിച്ച് തിരിച്ചറിയല്‍ നമ്പര്‍ നല്‍കാനായി കേരള അതിഥി മൊബൈല്‍ ആപ്പ് പദ്ധതി. ഇടമലക്കുടിക്കായി ഒരു സമഗ്ര വികസന പാക്കേജ്. ട്രാന്‍സ് ജന്‍ഡറുകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമൂഹിക പരിരക്ഷ നല്‍കാനുമുള്ള മഴവില്‍ പദ്ധതിയ്ക്ക് 5 കോടി രൂപ. സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി പൊതുഗതാഗത സംവിധാനങ്ങളില്‍ ലൊക്കേഷന്‍ ട്രാക്കിംഗ് സംവിധാനം.
നികുതി നിര്‍ദേശം
അബദ്ധത്തില്‍ കൂടുതല്‍ തുക പ്രളയ സെസ്സ് ആയി അടച്ചവര്‍ക്ക് റീഫണ്ട് നല്‍കുന്നതിന് നിയമത്തില്‍ ഭേദഗതി വരുത്തും. 15 വര്‍ഷത്തിന് മുകളിലുള്ള പഴയ വാഹനങ്ങളുടെ ഹരിത നികുതി 50 ശതമാനം വര്‍ദ്ധിപ്പിക്കും. 2 ലക്ഷം രൂപ വരെയുള്ള മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ മോട്ടോര്‍ വാഹന നികുതി 1 ശതമാനം വര്‍ദ്ധിപ്പിക്കും. രജിസ്ട്രേഷന്‍ വകുപ്പില്‍ അണ്ടര്‍ വാല്യുവേഷന്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിനുള്ള കോമ്പൗണ്ടിംഗ് പദ്ധതി അടുത്ത സാമ്പത്തികവര്‍ഷത്തിലേക്ക് നീട്ടും. ഭൂമിയുടെ ന്യായവില 10 ശതമാനം വര്‍ധിപ്പിക്കും. വിവിധ നികുത നിര്‍ദേശങ്ങളിലൂടെ 602 കോടി രൂപ സമാഹരിക്കുമെന്നും ബജറ്റ് പ്രതീക്ഷിക്കുന്നു.