തിരുവനന്തപുരം: കേന്ദ്രത്തിന്‍റെ കേരള വിരുദ്ധ നിലപാടിനെതിരെ സമരം ചെയ്യാൻ യുഡിഎഫ് എംപിമാർ തയ്യാറുണ്ടോ എന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇത്രയും കാലം കേന്ദ്രത്തിനെതിരെ ഒരക്ഷരം മിണ്ടാൻ യുഡിഎഫ് എംപിമാർ തയ്യാറായിട്ടില്ല (KN Balagopal against UDF). ജനങ്ങൾ ഇത് തിരിച്ചറിയുന്നുവെന്ന് കണ്ടപ്പോൾ ചില സമര പദ്ധതികളൊക്കെ തയ്യാറാക്കിയിട്ടുണ്ടെന്നാണ് ഇപ്പോൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്. തയ്യാറാണെന്ന് പറയുന്നതിൽ ആത്മാർഥതയുണ്ടെങ്കിൽ, അതിനായി തീയതി നിശ്ചയിച്ച് ജനങ്ങളെ അറിയിക്കണം. ഡൽഹിയിലെ ആ സമരത്തിൽ കേരളത്തിലെ എൽഡിഎഫ് എംപിമാരെല്ലാം പങ്കെടുക്കുമെന്ന് നിയമസഭയിൽ ധന വിനിയോഗ ബില്ലിൻ്റെ ചർച്ചയ്ക്ക് മറുപടി പറയവേ ധനമന്ത്രി പറഞ്ഞു.
കേന്ദ്രത്തിന്‍റെ ഈ നിലപാടിനെതിരെ യുഡിഎഫിന്‍റെ എംപിമാർ നിൽക്കുമോ എന്നാണ് ജനങ്ങൾക്ക് അറിയേണ്ടത്. വിവിധ രംഗങ്ങളിൽ കേരളം മുന്നിലെന്ന് ഇപ്പോൾ മാത്രമല്ല അംഗീകരിച്ചിട്ടുള്ളത്. മൻമോഹൻ സിങ് സർക്കാർ കേന്ദ്രം ഭരിക്കുമ്പോഴും എൽഡിഎഫ് സർക്കാർ നേതൃത്വം നൽകുന്ന കേരളം പല മേഖലയിലും മുന്നിലാണെന്ന് സമ്മതിച്ചിട്ടുണ്ട്. പക്ഷെ, ഇന്ന് രാജ്യത്ത് ഉയർന്നുവന്നിട്ടുള്ള സവിശേഷ സാഹചര്യം തിരിച്ചറിയാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്ന് ധനമന്ത്രി കൂട്ടിച്ചേർത്തു.
എല്ലാ അവകാശങ്ങളും ഇല്ലാതാക്കുന്നതും ജനാധിപത്യത്തിനുതന്നെ വെല്ലുവിളി ഉയരാവുന്നതുമായ ഒരു ഭരണ സാഹചര്യമാണുള്ളത്. കേന്ദ്രം, സംസ്ഥാനങ്ങളെ വല്ലാതെ സാമ്പത്തികമായി ഞെരുക്കുന്നു. രാജ്യത്തെ വരുമാനത്തിന്‍റെ 64 ശതമാനം കേന്ദ്രത്തിനാണ്. എന്നാൽ, ചെലവിന്‍റെ 62 ശതമാനം സംസ്ഥാനങ്ങളും വഹിക്കണം. അതാണ് സംസ്ഥാനങ്ങളുടെ സാമ്പത്തിക ശ്വാസംമുട്ടലിന് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി (KN Balagopal about financial crisis in Kerala).
കേന്ദ്ര നികുതി വിഹിതം ഗണ്യമായി കുറയുന്നു. സംസ്ഥാനങ്ങളുമായി വിഭജിക്കേണ്ടതില്ലാത്ത സെസും സർചാർജും കേന്ദ്രത്തിന്‍റെ നികുതി വരുമാനത്തിന്‍റെ പത്തിൽ നിന്ന് ഇരുപത് ശതമാനമായി ഉയർന്നു. ഇതിലൊന്നിലും കേരളത്തിലെ പ്രതിപക്ഷത്തിന് പ്രതിഷേധിക്കേണ്ട വസ്‌തുതകൾ കാണാനാകുന്നില്ല. വർഗീയതയ്‌ക്കെതിരായ ശക്തമായ നിലപാടെടുക്കാൻ ഇടതുപക്ഷത്തിന് കഴിയുന്നില്ലെന്ന യുഡിഎഫ് പറച്ചിൽ പരിഹാസ്യമാണെന്നും കെ എൻ ബാലഗോപാൽ (KN Balagopal) ചൂണ്ടിക്കാട്ടി.
വർഗീയതയെ നേരിടുന്നതിൽ ഇടതുപക്ഷത്തിന് ആരുടെയും സർട്ടിഫിക്കറ്റ് വേണ്ട. ജിഎസ്‌ടി നഷ്‌ടപരിഹാരം അഞ്ച് വർഷം മതിയെന്ന് മുൻധനമന്ത്രി ടി എം തോമസ് ഐസക് (Thomas Isaac) ജിഎസ്‌ടി കൗൺസിലിൽ ആവശ്യപ്പെട്ടുവെന്ന വസ്‌തുത വിരുദ്ധമായ കാര്യം നിയമസഭയിൽ പറയാൻ യുഡിഎഫ് മടിക്കുന്നില്ല. ഇത് സഭയോടുള്ള അവഹേളനമാണ്. ജിഎസ്‌ടി നടപ്പാക്കുന്ന ഘട്ടത്തിലാണ് അഞ്ച് വർഷത്തെ നഷ്‌ടപരിഹാരം തീരുമാനിച്ചത്.
പിന്നീട് കൊവിഡിൽ ലോക സാമ്പത്തിക സാഹചര്യങ്ങളാകെ മാറി. കേരളത്തിലും പ്രളയവും കൊവിഡും സൃഷ്‌ടിച്ച പ്രതിസന്ധികൾ മറികടക്കാനാണ് നഷ്‌ടപരിഹാര കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടത്. ബിജെപി സംസ്ഥാനങ്ങളും ഇതേ ആവശ്യം ഉയർത്തുന്നു. കിഫ്‌ബിയെ തള്ളിപ്പറയുന്നവർ, എല്ലാ മണ്ഡലത്തിലുമുണ്ടായ വികസന പ്രവർത്തനങ്ങളെ വിസ്‌മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പ്രയാസങ്ങൾക്കിടയിലും സംസ്ഥാന സർക്കാരിന് കഴിയാവുന്നതെല്ലാം ഉറപ്പാക്കുന്നുണ്ട്. ആശ്വാസ കിരണം ഉൾപ്പെടെ എല്ലാ സമാശ്വാസ പദ്ധതികളിലെയും സാമ്പത്തിക സഹായങ്ങൾ കുടിശ്ശികയില്ലാതെ നൽകിയിട്ടുണ്ട്. റബർവില ഇടിയുന്ന ഘട്ടത്തിലെല്ലാം കർഷകർക്ക് 170 രൂപ വില ഉറപ്പിക്കാനായിട്ടുണ്ട്. പഞ്ചായത്തുകളുടെ കഴിഞ്ഞ വർഷത്തെ പദ്ധതിച്ചെലവ് 105 ശതമാനമാണ്. ഈവർഷവും ഒരു കുറവുമുണ്ടാകില്ല. ഇക്കാര്യങ്ങളിലെല്ലാം പ്രതിപക്ഷം വ്യാജപ്രചരണം നടത്തുകയാണെന്ന് ബാലഗോപാൽ ആരോപിച്ചു.