തിരുവനന്തപുരം : മദ്യലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഓടിച്ച കാറിടിച്ച് മാധ്യമ പ്രവർത്തകൻ കെ.എം ബഷീര്‍ കൊല്ലപ്പെട്ട കേസിന്‍റെ കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി.
കുറ്റപത്രത്തോടൊപ്പം പ്രതികൾക്ക് ലഭിച്ച പല സാക്ഷി മൊഴികളുടെയും, രേഖകളുടെയും പകർപ്പുകൾക്ക് വ്യക്‌തതയില്ലെന്നും തിരുത്തിയവ ലഭിച്ച ശേഷമേ വിചാരണ നടപടികൾ തുടങ്ങാവൂ എന്നുമുള്ള പ്രതിഭാഗ വാദം കോടതി കണക്കിലെടുക്കുകയായിരുന്നു.
അടുത്ത മാസം കേസ് വീണ്ടും പരിഗണിക്കുമ്പോൾ വിചാരണ നടപടികൾ തുടങ്ങുന്നതിന് മുന്നോടിയായിട്ടുള്ള പ്രാഥമിക വാദവും കേള്‍ക്കും. ശ്രീറാം വെങ്കിട്ടരാമൻ, വഫ എന്നീ രണ്ട് പ്രതികളും കോടതിയിൽ നേരിട്ടെത്തിയിരുന്നു.
പ്രാഥമിക നടപടികൾ പരിഗണിച്ചിരുന്ന ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസ് വിചാരണ നടപടികൾക്കായി സെഷൻസ് കോടതിയ്‌ക്ക് കൈമാറിയിട്ട് അഞ്ച് മാസം പിന്നിടുകയാണ്.
സംഭവം 2019 ഓഗസ്‌റ്റ് മൂന്നിന് പുലർച്ചെ
ഇത്ര നാളായിട്ടും കേസിന്‍റെ കുറ്റപത്രം പോലും വിചാരണ കോടതി പ്രതികൾക്ക് വായിച്ചുകേൾപ്പിച്ചിട്ടില്ല. കഴിഞ്ഞ തവണ രണ്ടാം പ്രതി വഫയുടെ ഫോട്ടോ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവർത്തകരെ അഭിഭാഷകര്‍ മര്‍ദിച്ചിരുന്നു.
കെ.എം ബഷീർ കാറിടിച്ചുകൊല്ലപ്പെട്ട കവടിയാർ - മ്യൂസിയം റോഡിലെ സി.സി.ടി.വി ദൃശ്യങ്ങൾ കൈമാറണം എന്നാവശ്യപ്പെട്ട് ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമൻ നൽകിയ ഹർജി കാരണം കോടതി നടപടികൾ വിചാരണ കോടതിയ്‌ക്ക് കൈമാറാൻ കഴിയാതെ ഒരു വർഷം നീണ്ടുപോയി.
2019 ഓഗസ്‌റ്റ് മൂന്നിന് പുലർച്ചെയാണ് മ്യൂസിയത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ സിറാജ് പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ എം ബഷീര്‍ മരിച്ചത്.