തിരുവനന്തപുരം : മദ്യലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമ പ്രവർത്തകൻ കെ.എം ബഷീര്‍ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി വഫ വിടുതൽ ഹർജി സമർപ്പിച്ചു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി ജൂൺ ആറിന് വാദം കേൾക്കും. കേസിൽ താൻ നിരപരാധിയാണെന്നും സംഭവത്തില്‍ തനിക്ക് ഒരു പങ്കുമില്ലെന്നുമാണ് കോടതിയിൽ നൽകിയ അപേക്ഷയിൽ വഫ പറയുന്നത്.
ഇതോടെ കേസിൽ കുറ്റപത്രം വായിക്കുന്നത് കോടതി വീണ്ടും മാറ്റിവച്ചു. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.കെ.എം ബഷീർ കൊല്ലപ്പെട്ട കവടിയാർ-മ്യൂസിയം റോഡിലെ സിസിടിവി ദൃശ്യങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമൻ നൽകിയ ഹർജി കാരണം കോടതി നടപടികൾ വിചാരണ കോടതിക്ക് കൈമാറാൻ കഴിയാതെ ഒരു വർഷം നീണ്ടുപോയിരുന്നു.
2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് മാധ്യമ പ്രവർത്തകനായ ബഷീറിന്‍റെ മരണം സംഭവിക്കുന്നത്.