തിരുവനന്തപുരം : കിഫ്‌ബി സി.ഇ.ഒ ഡോ. കെ.എം എബ്രഹാമിനെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. മുൻ ചീഫ് സെക്രട്ടറിയായ ഇദ്ദേഹം കിഫ്ബി സിഇഒയായിരുന്നു. 1982 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ എബ്രഹാം കേരള സര്‍വകലാശാലയില്‍നിന്ന് സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിടെകും കാണ്‍പൂര്‍ ഐഐടിയില്‍നിന്ന് എംടെകും നേടി. തുടര്‍ന്ന് അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി. 2008 മുതല്‍ 2011വരെ സെബി അംഗമായിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സിപിഎം സംസ്ഥാന സമിതിയംഗം കെകെ രാഗേഷിനെ നേരത്തെ നിയമിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് ഉത്തരവിറങ്ങിയിട്ടുണ്ട്. മാധ്യമ സെക്രട്ടറിയായി പ്രഭാവര്‍മയും പ്രസ് സെക്രട്ടറിയായി പി.എം.മനോജും തുടരും. ശാസ്ത്ര സാങ്കേതിക വിഭാഗം ഉപദേശകനായിരുന്ന എംസി ദത്തനെ സയന്‍സ് വിഭാഗം മെന്‍ഡറായി നിയമിച്ചു. അഡ്വ. എ രാജശേഖരന്‍ നായര്‍ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയാണ്. കഴിഞ്ഞ തവണ നിരവധി വിവാദങ്ങളില്‍പ്പെട്ട സിഎം രവീന്ദ്രനെ ഇത്തവണയും നിലനിര്‍ത്തിയിട്ടുണ്ട്.
Also Read:നിയമസഭ സ്‌പീക്കറായി എം.ബി. രാജേഷിനെ തെരഞ്ഞെടുത്തു
സി.എം.രവീന്ദ്രനെ കൂടാതെ പി ഗോപന്‍, ദിനേശ് ഭാസ്‌കര്‍ എന്നിവരെയാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായി നിയമിച്ചിരിക്കുന്നത്. എ സതീഷ് കുമാര്‍, സാമുവല്‍ ഫിലിപ്പ് മാത്യു എന്നിവര്‍ മുഖ്യമന്ത്രിയുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിമാരാകും. വിഎം സുനീഷാണ് പേഴ്‌സണല്‍ അസിസ്റ്റന്‍റ്. ജികെ ബാലാജിയെ അഡീഷണല്‍ പിഎ ആയും നിയമിച്ചു. പൊളിറ്റിക്കല്‍ സെക്രട്ടറിയായി ദിനേശന്‍ പുത്തലത്ത് തുടരും. കഴിഞ്ഞ സര്‍ക്കാറില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആര്‍ മോഹന്‍ ഇത്തവണ ഓഫിസര്‍ ഓണ്‍ സ്പെഷ്യൽ ഡ്യൂട്ടിയാണ്. കെ.എം എബ്രഹാമിന്‍റെ നിയമനത്തോടെ സത്യജിത്ത് രാജൻ കിഫ്ബി അഡീഷണൽ സിഇഒയാകും.