തിരുവന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനവിധി തേടാൻ മിസോറാം ഗവർണർ സ്ഥാനം രാജി വച്ച് കുമ്മനം രാജശേഖരൻ കേരളത്തിൽ തിരികെയെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കുമ്മനത്തെ ഭാരത് മാതാ കീജയ് വിളികളോടെ ആഘോഷപൂർവമാണ് ബിജെപി നേതാക്കളും പ്രവർത്തകരും സ്വീകരിച്ചത്. സ്വീകരണത്തിനു ശേഷം ബൈക്ക് റാലിയോട് കൂടിയാണ് പ്രവർത്തകർ അദ്ദേഹത്തെ ആനയിച്ച് കൊണ്ടുപോവുന്നത്.
പേട്ട, ജനറല്‍ ആസ്പത്രി, എല്‍.എം.എസ്., പാളയം, സ്റ്റാച്യൂ വഴി പഴവങ്ങാടി ഗണപതികോവിലിനടുത്ത് ബൈക്ക് റാലി സമാപിക്കും. കോവിലില്‍ ദര്‍ശനത്തിനുശേഷം പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തും.
ശബരിമല വിഷയം തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിക്കുമെന്നും അതിെന വിലക്കാൻ തെരഞ്ഞെടുപ്പു കമ്മീഷന് അധികാരമില്ലെന്നും കുമ്മനം പറഞ്ഞു. ശബരിമല മാത്രമല്ല, വികസന വിഷയങ്ങളും ബി ജെ പി ഉന്നയിക്കും, ഏതെങ്കിലും രീതിയിൽ നടപടികൾ വന്നാൽ നിയമപരമായി നേരിടുമെന്നും കുമ്മനം രാജശേഖരൻ മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടി നേതൃത്വത്തിന്‍റെ ശക്തമായ ആവശ്യത്തെത്തുടർന്നാണ് മിസോറാം ഗവർണർ സ്ഥാനം രാജിവച്ച് കുമ്മനം രാജശേഖരൻ കേരളത്തിലേക്ക് തിരികെയെത്തിയത്. തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാക്കുക, എന്‍.ഡി.എയുടെ കണ്‍വീനറാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ആര്‍.എസ്.എസ് ദേശീയ നേതൃത്വത്തിന് മുൻപിൽ വച്ചത്.