തിരുവനന്തപുരം: സ്‌പീക്കറുടെ ഓഫിസിന് മുന്‍പില്‍ സമാധാനപരമായി കുത്തിയിരിപ്പ് സമരം നടത്തിയ പ്രതിപക്ഷ എംഎൽഎമാരെ വാച്ച് ആന്‍ഡ് വാർഡിനെക്കൊണ്ട് ക്രൂരമായി ആക്രമിപ്പിച്ചതായി കെകെ രമ. ആറ് വനിത വാച്ച് ആന്‍ഡ് വാർഡുകൾ വലിച്ചിഴക്കുകയാണ് ചെയ്‌തത്. കൈപിടിച്ച് തിരിക്കുകയും ചെയ്‌തെന്ന് കെകെ രമ പറഞ്ഞു.
ഇത്രയും അക്രമം അവിടെ നടത്തേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല. പ്രതിഷേധത്തിനിടെ സ്‌പീക്കറുടെ ഓഫിസിന് മുന്‍പിലെത്തിയ ഭരണപക്ഷ എംഎൽഎമാരും ആക്രമിച്ചു. പ്രതിഷേധക്കാരെ ചവിട്ടി മാറ്റാനാണ് ഭരണപക്ഷ എംഎൽഎമാർ ശ്രമിച്ചത്. ഇത്തരം അക്രമ സംഭവങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. പ്രതിപക്ഷത്തെ ആക്രമിച്ച ഭരണപക്ഷ എംഎൽഎമാർക്കും വാച്ച് ആന്‍ഡ് വാർഡിനുമെതിരെ നടപടിയെടുക്കണമെന്നും രമ ആവശ്യപ്പെട്ടു.
സ്‌പീക്കറുടെ നടപടിയില്‍ പ്രതിഷേധം, സമരവുമായി പ്രതിപക്ഷം: സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അധിക്ഷേപവും അക്രമവും വർധിക്കുന്നുണ്ട്. സ്‌കൂൾ വിദ്യാർഥിനിയായ പെൺകുട്ടി ക്രൂരമായ മർദനത്തിനാണ് തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് വിധേയയായത്. ഈ വിഷയം ഉന്നയിക്കാനാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയത്. സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങളെ സംബന്ധിച്ചുപോലും ചർച്ചയ്ക്ക് തയ്യാറല്ലെങ്കിൽ പിന്നെ എന്തിനാണ് നിയമസഭ ചേരുന്നത് എന്നും കെകെ രമ ചോദിച്ചു. തുടർച്ചയായി അടിയന്തര പ്രമേയ നോട്ടിസിന് അനുമതി നൽകാത്ത സ്‌പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം കുത്തിയിരിപ്പ് സമരം നടത്തിയത്.
സംസ്ഥാന നിയമസഭയുടെ ചരിത്രത്തിലാദ്യമായാണ് സ്‌പീക്കറുടെ ഓഫിസിന് മുന്‍പില്‍ ഭരണ - പ്രതിപക്ഷാംഗങ്ങൾ നേർക്കുനേർ ഏറ്റുമുട്ടിയത്. പ്രതിപക്ഷ അംഗങ്ങളും വാച്ച് ആൻഡ് വാർഡുമായി നേരിട്ട് കയ്യാങ്കളിയും ഉണ്ടായി. സ്‌പീക്കറുടെ ഓഫിസിന് മുന്‍പില്‍ കുത്തിയിരുന്ന പ്രതിപക്ഷ എംഎൽഎമാരെ വാച്ച് ആൻഡ് വാർഡ് സര്‍ക്കാർ ഓഫിസിന് മുന്‍പിലൂടെ വലിച്ചിഴച്ചതായും പരാതിയുണ്ട്.
സ്‌പീക്കര്‍ ഓഫിസിന് മുന്‍പില്‍ നാടകീയ രംഗങ്ങള്‍: മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്‌ണനെ വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥൻ മർദിച്ചെന്ന് ആരോപണം ഉയർന്നു. വാച്ച് ആൻഡ് വാർഡിന്‍റെ മർദനമേറ്റതായി പരാതി ഉയർന്ന സനീഷ് കുമാർ ജോസഫിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കെകെ രമ, ടിവി ഇബ്രാഹിം, എകെഎം അഷറഫ്, എം വിൻസെന്‍റ് എന്നിവർക്കും പരിക്കേറ്റതായി പരാതിയുണ്ട്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സ്‌പീക്കർ എഎൻ ഷംസീറിന്‍റെ ഓഫിസിന് മുന്‍പില്‍ നാടകീയ രംഗങ്ങൾ.
തുടർച്ചയായി രണ്ടാം ദിവസവും തങ്ങളുടെ അടിയന്തര പ്രമേയ നോട്ടിസ് തള്ളിയ സ്‌പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ച പ്രതിപക്ഷം, സ്‌പീക്കറുടെ ഓഫിസിന് മുന്‍പില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. ഈ സമയം പ്രതിപക്ഷാംഗങ്ങൾക്കൊപ്പം നിൽക്കുകയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്‌ണന് നേരെ വാച്ച് ആൻഡ് വാർഡിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പാഞ്ഞടുക്കുകയുണ്ടായി. തന്നെ ഈ ഉദ്യോഗസ്ഥൻ മർദിച്ചെന്ന് തിരുവഞ്ചൂർ ആരോപിച്ചു. ഇതോടെ പ്രകോപിതരായ പ്രതിപക്ഷാംഗങ്ങൾ വാച്ച് ആന്‍ഡ് വാർഡിന് നേരെ പാഞ്ഞടുത്തു.
മിനിട്ടുകളോളമാണ് വാച്ച് ആൻഡ് വാർഡും പ്രതിപക്ഷവും ഏറ്റുമുട്ടിയത്. ഇതിനിടെ മറുഭാഗത്ത് സഭ നടപടികൾ വേഗത്തിലാക്കി ചേമ്പറിൽ നിന്ന് ഓഫിസിലേക്കു വന്ന സ്‌പീക്കർക്ക് ഭരണപക്ഷം സംരക്ഷണമൊരുക്കി. ഇതോടെ ഭരണപക്ഷവും പ്രതിപക്ഷവും നേർക്കുനേർ ഏറ്റുമുട്ടുകയുണ്ടായി.