തിരുവനന്തപുരം : 6943.37 കോടിയുടെ, 44 പുതിയ പദ്ധതികൾക്ക് കൂടി അംഗീകാരം നൽകി കിഫ്ബി. രണ്ട് ദിവസമായി ചേർന്ന കിഫ്ബി ബോർഡ് യോഗമാണ് പുതിയ പദ്ധതികൾക്ക് ധനാനുമതി നൽകിയത്. പൊതുമരാമത്ത് വകുപ്പിന് കീഴിൽ മാത്രം 4397.88 കോടി രൂപയുടെ 28 പദ്ധതികൾക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്.
ജലവിഭവ വകുപ്പിൽ 273.52 കോടിയുടെ 4 പദ്ധതികൾക്കും ആരോഗ്യ വകുപ്പിൽ 392.14 കോടി രൂപയുടെ പദ്ധതികൾക്കും ധനാനുമതി നൽകി. വെസ്റ്റ് കോസ്റ്റ് കനാൽ വിപുലീകരണത്തിന് 3 പദ്ധതികളിലായി 915.84 കോടിയുടേതിനും എറണാകുളം ഗിഫ്റ്റ് സിറ്റിയുടെ സ്ഥലമേറ്റെടുപ്പിനായി 850 കോടി രൂപയുടേതിനും യോഗത്തിൽ അംഗീകാരം നൽകി. ആയുഷ് വകുപ്പിന് കീഴിൽ ഐ.ആർ.ഐ.എയുടെ രണ്ടാം ഘട്ട സ്ഥലമേറ്റെടുപ്പിന് 114 കോടി രൂപയുടെ പദ്ധതിയ്ക്കും അംഗീകാരം നൽകി.
Also Read: മന്ത്രി കൃഷ്ണൻകുട്ടിയെ വിമര്‍ശിച്ച് മുൻ വൈദ്യുതിമന്ത്രി
വയനാട് ആനക്കാംപൊയിൽ- കല്ലാടി- മോപ്പാടി ടണൽ റോഡ് നിർമാണ പദ്ധതിയാണ് ഇന്ന് അംഗീകാരം നൽകിയ വലിയ പദ്ധതി. 2134.50 കോടി രൂപയാണ് രണ്ട് ടണൽ പദ്ധതിക്കായി ധനാനുമതി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന ബോർഡ് യോഗത്തിന്‍റേതാണ് നടപടി.
962 പദ്ധതികളിലായി 70762.05 കോടി രൂപയുടെ പദ്ധതികൾക്കാണ് ഇതുവരെ കിഫ്ബി അംഗീകാരം നൽകിയിട്ടുള്ളത്.അംഗീകാരം നൽകിയ പദ്ധതികൾക്കായി 17052.89 കോടി രൂപയാണ് കിഫ്ബി ചെലവഴിച്ചത്. 4428.94 കോടി രൂപയുടെ പദ്ധതികളാണ് ഇതുവരെ പൂർത്തീകരിച്ചിട്ടുള്ളത്.
അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പദ്ധതികൾ കൂടുതലായി കിഫ്ബി ഏറ്റെടുക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. 9304.47 കോടി രൂപയാണ് വിവിധ സെസുകളായി കിഫ്ബിക്ക് വരുമാനമായി ലഭിച്ചത്. വരുമാനം ഉണ്ടാക്കുന്ന പദ്ധതികൾക്ക് കിഫ് ബി കൂടുതൽ പ്രാമുഖ്യം നൽകുമെന്നും ധനമന്ത്രി വ്യക്തമാക്കി.