തിരുവനന്തപുരം: കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ആദം അലി പിടിയില്‍. ചെന്നൈയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കൊലയ്ക്ക് ശേഷം ഇയാള്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു.
വൈകുന്നേരം അഞ്ച് മണിയോടെയാണ് പ്രതി റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയത്. ഇവിടെ നിന്നും ആ സമയത്ത് പുറപ്പെട്ട ട്രെയിനുകളുടെ വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ചെന്നൈയില്‍ നിന്നും പിടികൂടിയത്. കേരള പൊലീസ് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തമിഴിനാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.
കേശവദാസപുരം ദേവസ്വം ലൈനിൽ താമസിക്കുന്ന മനോരമ (60) ആണ് ഞായറാഴ്‌ച (07.08.2022) കൊല്ലപ്പെട്ടത്. മനോരമയെ കഴുത്ത് ഞെരിച്ചാണെന്ന് കൊന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പ്രതി ഒറ്റയ്ക്കാണ് കൊല നടത്തിയത് എന്നതിനും പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.
മനോരമയുടെ വീടിന് അടുത്തുള്ള മറ്റൊരു വീട്ടിലെ സിസിടിവി ദൃശ്യമാണ് പൊലീസിന് ലഭിച്ചത്. ഇതില്‍ പ്രതിയായ ആദം അലി മനോരമയുടെ മൃതദേഹം കല്ല് കെട്ടി കിണറ്റില്‍ താഴ്ത്തുന്നത് വ്യക്തമാണ്. ഈ ദൃശ്യങ്ങളില്‍ നിന്നാണ് ആദം അലി ഒറ്റയ്ക്കാണ് കൃത്യം നടത്തിയത് എന്ന് വ്യക്തമായിരിക്കുന്നത്.
പിടിയിലായ പ്രതിയെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു. ഇതിനായി ഒരു പ്രത്യേക സംഘം ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്.
Also Read തലസ്ഥാനത്ത് വയോധികയെ വധിച്ചത് ക്രൂരമായി: ഇതര സംസ്ഥാന തൊഴിലാളിക്കായുള്ള അന്വേഷണം ശക്തം